വെഞ്ഞാറമൂട്: സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് തൈക്കാട് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. വെഞ്ഞാറമൂട്ടിൽ നിന്നും വെമ്പായത്തിൽ നിന്നും പോത്തൻക്കോട്ട് നിന്നും റോഡുകൾ സന്ധിക്കുന്ന ഇവിടെ അപകടം പതിവാകുകയാണ്. കഴക്കൂട്ടം - അടൂർ സുരക്ഷാ ഇടനാഴി പദ്ധതി പ്രകാരം റോഡിന് വീതി കൂട്ടുകയും സുരക്ഷാ വേലിയും നടപ്പാതയും ഒക്കെ സ്ഥാപിച്ചെങ്കിലും ഇവിടെ സിഗ്നൽ ലൈറ്റോ മറ്റ് ട്രാഫിക് സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല എന്ന അക്ഷേപമാണുള്ളത്. നിത്യേന നിരവധി അപകടങ്ങൾ നടക്കുന്ന ഇവിടെ ട്രാഫിക് ഡ്യൂട്ടിക്ക് ഹോം ഗാർഡിനെയെങ്കിലും നിയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നത്. കൊടും വളവിലായിട്ടാണ് തൈക്കാട് ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് മൂന്ന് റോഡുകളും സന്ധിക്കുന്നത്. വെഞ്ഞാറമൂട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ തൈക്കാട് ജംഗ്ഷനിൽ എത്തുമ്പോഴാണ് ഇടത്തേക്ക് വെമ്പായം - കേശവദാസപുരം റോഡും, നേരെയായി കഴക്കൂട്ടം റോഡും കാണുന്നത്. വിദൂരത്ത് നിന്ന് വരുന്നവർക്ക് ഇത് ആശയക്കുഴപ്പത്തിനും വാഹനം പെട്ടെന്ന് ബ്രേക്കിടുന്നത് കൊണ്ട് അപകടങ്ങൾക്കും കാരണമാകുന്നു. വെമ്പായം ഭാഗത്ത് നിന്ന് വരുന്ന വാഹനക്കൾക്കും മറ്റ് രണ്ട് റോഡിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇതും അപകടകൾക്ക് കാരണമാകുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്ന് താരതമ്യേന വീതി കൂടിയ ഇവിടെ വാഹനങ്ങൾ അമിത വേഗതയിലുമാണ് വരുന്നത്. ഇതിനെയൊക്കെ നിയന്ത്രിച്ച് അപകടം കുറയ്ക്കാൻ ഇവിടെ സിസ്റ്റൽ ലൈറ്റ് അടിയന്തരമായി സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.