technopark-

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന് ടെക്നോപാർക്കിലെ ഐ.ടി പാർക്കുകൾക്കും കമ്പനികൾക്കും സർക്കാർ പ്രത്യേക മുൻകരുതൽ മാർഗനിർദേശങ്ങൾ നൽകി. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് ഐ.ടി കമ്പനികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തീരുമാനമെടുത്തത്. രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളിൽ സന്ദർശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി

വൈദ്യപരിശോധന നടത്തണമെന്നും പനിയോ മറ്റു രോഗ ലക്ഷണമോ ഉണ്ടെങ്കിൽ ഐസൊലേറ്റ് ചെയ്യണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസ്ബാധ റിപോർട്ട് ചെയ്യപ്പെട്ട റാന്നി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ഐ.ടി ജീവനക്കാരിൽ വാരാന്ത്യ അവധിക്ക് നാട്ടിൽ പോയവർക്ക് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നൽകുകയോ 15 ദിവസം അവധി നൽകുകയോ ചെയ്യണമെന്ന് ഐ.ടി പാർക്കുകളിലെ എല്ലാ കമ്പനികൾക്കും നിർദേശം നൽകി. കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഐ.ടി പാർക്കുകളിൽ എല്ലാ കമ്പനികൾക്കും പ്രത്യേക പ്രവർത്തന പ്രോട്ടോക്കോളും ഏർപ്പെടുത്തി.

കൊറോണ വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഹാൻഡ് സാനിറ്റൈസർ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളും ജീവനക്കാർക്കായി ഒരുക്കണമെന്ന് എല്ലാ കമ്പനികളോടും നിർദേശിച്ചു. സർക്കാരിന്റെ മാർഗനിർദേശങ്ങൾ കമ്പനികൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ചേർന്ന ഉന്നതതല യോഗത്തിൽ കേരള ഐ.ടി പാർക്സ് സി.ഇ.ഒ ശശി .പി.എം, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒയും ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ്, ഐ.ടി കമ്പനികളുടെ സംഘടനയായ ജിടെക് ചെയർമാൻ അലക്സാണ്ടർ വർഗീസ്, ജിടെക് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.