ആറ്റിങ്ങൽ: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽപ്പെട്ട ബി,സി ഗ്രേഡുകൾ നേടിയ കുട്ടികൾക്കും ആനുപാതികമായി ഗ്രേസ് മാർക്ക് നല്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ വി. ശശിക്ക് ഇളമ്പ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ നിവേദനം നല്കി.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 'എ' ഗ്രേഡു നേടിയ കുട്ടികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ വിവിധ മേളകളുൾപ്പെടെ പങ്കെടുത്ത് എ, ബി, സി ഗ്രേഡുകൾ നേടുന്നവർക്ക് ആനുപാതികമായി ഗ്രേസ് മാർക്ക് നല്കി വരുന്നുണ്ട്. ആ മാനദണ്ഡം പാലിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ബി, സി ഗ്രേഡുകാർക്കും ആനുപാതികമായി ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിവേദനം നല്കിയത്. വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.