തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ മൃഗപരീക്ഷണ വിഭാഗം പ്രവർത്തനസജ്ജമായി.
പൂജപ്പുരയിലെ സേറ്റൽമൗണ്ട് കൊട്ടാരത്തിലെ ബയോ മെഡിക്കൽ ടെക്‌നോളജി വിഭാഗത്തിലാണ് (ബി.എം.ടി വിംഗ്) പുതിയ സംവിധാനം.
ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. വി.കെ. സാരസ്വത് ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രവർത്തനം ആരംഭിച്ച ശേഷം ശ്രീചിത്ര ജി.എൽ.പി സർട്ടിഫിക്കറ്റിനായി കേന്ദ്രത്തെ സമീപിക്കും.
ഇൻ വിവോ മോഡൽസ് ആൻഡ് ടെസ്റ്റിംഗ് വിഭാഗത്തിന് കീഴിലുള്ള നൂതന മൃഗപരീക്ഷണ സംവിധാനത്തിന് വലിയ മൃഗങ്ങൾ ഉൾപ്പെടെ 40 പന്നികളെയും 70 ആടുകളെയും ഉൾക്കൊള്ളാനാവും.
പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന മൃഗങ്ങളിൽ ചെറുതും വലുതുമായ ശസ്ത്രക്രിയകൾ ചെയ്യുന്നതിനും പരിചരിക്കുന്നതിനും ആവശ്യമായ പ്രത്യേക സൗകര്യവുമുണ്ട്.
മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നിടത്ത് അവയ്ക്ക് വെള്ളം കുടിക്കുന്നതിനായി സ്വയംപ്രവർത്തിക്കുന്ന സ്‌റ്റെയിൻലെസ് സ്റ്റീൽ ഡ്രിങ്കറുകൾ സ്ഥാപിച്ചിട്ടുണ്ട്. ആടുകൾക്കായി ദീർഘകാലം ഈടുനിൽക്കുന്ന പോളിപ്രൊപ്പലീൻ ഉപയോഗിച്ചാണ് തറ നിർമ്മിച്ചിരിക്കുന്നത്.
മൃഗങ്ങളുടെ സുരക്ഷ, അവയെ കൈകാര്യം ചെയ്യാനും കൊണ്ടുപോകാനുമുള്ള സൗകര്യം, ആടുകളിലെ വിവിധ ഇനങ്ങളെ വേർതിരിക്കാനും അവയ്ക്ക് തീറ്റ കൊടുക്കാനുമുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കീടങ്ങളെയും എലികളെയും അകറ്റിനിറുത്താൻ കഴിയുന്ന സംവിധാനത്തിൽ മാലിന്യ സംസ്‌കരണത്തിനുള്ള പ്രത്യേക സംവിധാനവുമുണ്ട്.
മൃഗപരീക്ഷണം എന്തിന് ?
ശ്രീചിത്രയിലെ ഗവേഷണങ്ങളുടെ ഫലമായി വൈദ്യശാസ്ത്ര രംഗത്ത് നിരവധി കണ്ടുപിടിത്തങ്ങളുണ്ടാകുന്നുണ്ട്.
രോഗികളിൽ പരീക്ഷിക്കുന്നതിന് മുമ്പ് വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ കാര്യക്ഷമതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് മൃഗങ്ങളിൽ പരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ശ്രീചിത്രയിലെ ബി.എം.ടി വിംഗിലെ ഇൻ വിവോ മോഡൽസ് ആൻഡ് ടെസ്റ്റിംഗ് വിഭാഗമാണിത് ചെയ്യുന്നത്. രോഗികളിൽ ഉപയോഗിക്കുന്നതിന് മുമ്പ് ഹൃദയവാൽവ്, ഓക്‌സിജനേറ്റർ, വാസ്‌കുലാർ ഗ്രാഫ്റ്റ്, ഹൈഡ്രോസെഫാലസ് ഷണ്ട്, പല്ലുകൾക്കും എല്ലുകൾക്കും പകരം ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര പദാർത്ഥങ്ങൾ എന്നിവയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി മൃഗങ്ങളിൽ സങ്കീർണമായ പരീക്ഷണങ്ങൾ ഇവിടെ നടത്താറുണ്ട്.