photo

പാലോട് :അദ്ധ്യാപന,രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയനായ പി.എസ്.ദിവാകരൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി.ദീർഘകാലം പെരിങ്ങമ്മല ഗവ.യു.പി.എസ് പ്രഥമാദ്ധ്യാപകനും അദ്ധ്യാപകനുമായിരുന്ന പി.എസ്.ദിവാകരൻ നായരുടെ നിര്യാണം നാടിനു നൊമ്പരമായി.സി.പി.എം പെരിങ്ങമ്മല ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. വലിയ ശിഷ്യസമ്പത്തിന് ഉടമയായ അദ്ദേഹം കണിശതയാർന്ന നേതൃപാടവത്തോടെ ഏറെക്കാലം പെരിങ്ങമ്മല ലോക്കൽ കമ്മിറ്റിയെ നയിച്ചു.കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് അംഗം,നെടുമങ്ങാട് ഗവ. സർവന്റ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തംഗം, പാലോട് കാർഷിക മേള രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സി.പി.എം പെരിങ്ങമ്മല ലോക്കൽ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനുമായിരുന്നു.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, കോലിയക്കോട് എൻ.കൃഷ്ണൻനായർ, ഡി.കെ മുരളി എം.എൽ.എ, സി.പി.എം വിതുര ഏരിയ സെക്രട്ടറി അഡ്വ. എൻ. ഷൗക്കത്തലി, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.