കച്ചവടം കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: കൊറോണ വെെറസ് ഭീതി തലസ്ഥാനത്തെ പ്രധാന മാർക്കറ്രായ ചാലയെയും പ്രതികൂലമായി ബാധിച്ചു. കേരളത്തിൽ വെെറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ചാലയിലെ കച്ചവടങ്ങളെല്ലാം കുത്തനെ ഇടിഞ്ഞെന്ന് വിൽപ്പനക്കാർ പറയുന്നു.
ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻപ് വരെ തകൃതിയായി കച്ചവടം നടന്ന ചാലയിലെ തെരുവുകൾ ഇപ്പോൾ ആളൊഴിഞ്ഞ നിലയിലാണ്. പുലർച്ചെ വിൽപ്പനയ്ക്കെത്തിച്ച സാധനങ്ങൾ മിക്കവയും അതേപടി ഇരിപ്പുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു.
മൊത്ത, ചില്ലറ വിപണിയെ ഇത് കാര്യമായി ബാധിച്ചു. ദിവസേന 20,000 രൂപയുടെ വരെ കച്ചവടം നടത്തിയിരുന്ന മൊത്ത പച്ചക്കറി വിൽപ്പനക്കാരുടെ കച്ചവടം 10,000 ത്തിലേക്ക് കൂപ്പുകുത്തി. പച്ചക്കറി, മീൻ, കോഴി, പൂവ്, പലവ്യഞ്ജനം തുടങ്ങിയവയുടെ ഇറക്കുമതി പകുതിയായി.
സ്‌കൂളുകളും ഹോസ്റ്റലും കോളേജും അംഗണവാടിയും ഉൾപ്പെടെ അടച്ചതും ഉത്സവങ്ങളും വിവാഹങ്ങളുമുൾപ്പെടെയുള്ള ചടങ്ങുകൾ മാറ്റിവച്ചതും ഇരുട്ടടിയായി. പച്ചക്കറി വാങ്ങിയിരുന്ന ചെറുകിട കച്ചവടക്കാരും ഹോട്ടലുകാരും താത്കാലികമായി അത് നിറുത്തലാക്കി. ഇതോടെ സാധനങ്ങൾ പകുതി വിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണിവർ. രണ്ടുദിവത്തിനുള്ളിൽ ഇവ കേടാകുന്നതും തിരിച്ചടിയാണ്. തമിഴ്നാട്, തിരുനെൽവേലി,പാവൂർ സത്രം, ഉൗട്ടി, മേട്ടുപ്പാളയം, മെെസൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇറക്കുമതി അധികവും. കച്ചവടം നടക്കാത്തതിനാൽ ഇതും നിറുത്തലാക്കാനാണ് ഇവരുടെ തീരുമാനം.
120രൂപ വരെയുണ്ടായിരുന്ന കോഴി വില 60 വരെയെത്തി. ദിവസേന 100 കോഴികൾ വീതം വിറ്റിരുന്നിടത്ത് രണ്ടു ദിവസമായി വിൽക്കുന്നത് 20ഓളം കോഴികളെ മാത്രം. 150 കോഴികളെ ദിവസേന വാങ്ങിയിരുന്നത് 40 ആക്കി കുറച്ചു
-ചില്ലറ കച്ചവടക്കാരൻ പ്രഭാകരൻ
ഉത്സവവും വിവാഹവും മറ്റു ചടങ്ങുകളും മാറ്റിവയ്ക്കുന്നതോടെ പൂവിപണി താഴേക്ക് പോയി. ഇറക്കുമതി ചുരുക്കി. ഒരു ദിവസത്തിലധികം പൂക്കൾ ഇരിക്കാത്തതും തിരിച്ചടിയായി. ദിവസം 5000 രൂപയ്ക്ക് മേൽ കച്ചവടം നടന്നിടത്ത് 800 രൂപയിലേക്ക് വീണു
-വിനായക പൂഷോപ്പുടമ വിനായകൻ
കൊറോണ നന്നായി ബാധിച്ചു. പേടിച്ച് ആരും ഇങ്ങോട്ട് വരുന്നില്ല. രാവിലെ ഇറക്കിവച്ച സാധനങ്ങളൊന്നും ഇതുവരെയും വിറ്റിട്ടില്ല. ഇനി ഇതെല്ലാം പകുതി വിലയ്ക്ക് വിൽക്കുകയേ രക്ഷയുള്ളൂ. ഇൗ മാസം എങ്ങനെ കച്ചവടം നടത്തുമെന്ന് അറിയില്ല. വെള്ളയമ്പലം ജല അതോറിട്ടി ക്യാന്റീൻ നടത്തുന്നവരും 31 വരെ പച്ചക്കറികൾ വേണ്ടെന്ന് അറിയിച്ചു പോയി
-ഹിദായത്ത് പച്ചക്കറി മൊത്ത കച്ചവടക്കാരൻ
വിലകൾ ഇങ്ങനെ
വെണ്ട-15 രൂപ
കത്തിരിക്ക-15രൂപ
ബീൻസ്-25
തക്കാളി-25
മുരിങ്ങയ്ക്ക-30
തൊണ്ടൻ മുളക്-30
പച്ചമുളക്-20
വെള്ളരി-15
ബീറ്റ്റൂട്ട്-15
പാവയ്ക്ക-35
ഇഞ്ചി-70
കാബേജ്-20
മാങ്ങ-40