തിരുവനന്തപുരം:വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൊത്തം സീറ്റിന്റെ മൂന്നിലൊന്നിലെങ്കിലും ജയിക്കാനുള്ള മോഹവുമായി ബി.ജെ.പി കർമ്മപദ്ധതി തയ്യാറാക്കി. ഇന്നലെ ചേർന്ന പാർട്ടി ജില്ലാ പ്രസിഡന്റുമാരുടെ യോഗമാണ് പദ്ധതി ആവിഷ്‌കരിച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 1300 വാർഡുകളിലാണ് ബി.ജെ.പി ജയിച്ചത്. 2300 സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തി. ആയിരത്തിൽ താഴെ സീറ്റുകളിൽ നേരിയ വോട്ടിനാണ് മൂന്നാം സ്ഥാനത്തേക്ക് പോയത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാൽ 8000ത്തോളം സീറ്റുകളിൽ ബി.ജെ.പിക്ക് ജയസാദ്ധ്യതയുണ്ടന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പരമാവധി പ്രാതിനിധ്യം നേടുന്നതോടൊപ്പം ചില കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിൽ സ്വന്തമായി ഭരണം നേടാനും ചിലയിടങ്ങളിൽ പ്രധാന പ്രതിപക്ഷമാവാനും കഴിയുമെന്നാണ് പ്രതീക്ഷ.

ഇതിനായി പ്രത്യേകം കർമ്മ പദ്ധതിയും തയ്യാറാക്കി. നഗരമേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കർമ്മ പദ്ധതി തയ്യാറാക്കാനും ഏകോപിപ്പിക്കാനും എം.ടി.രമേശിന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, എം.ആർ. ഗോപൻ, പി.രഘുനാഥ്, എം.എസ്.സമ്പൂർണ, ഡി.അശ്വനീദേവ് എന്നിവരങ്ങിയ കമ്മിറ്റിയും
ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പിനായി ജോർജ്ജ് കുര്യന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, പ്രമീളാനായിക്ക്, എ.നാഗേഷ്, കെസോമൻ എന്നിവരടങ്ങിയ കമ്മിറ്റിയും രൂപീകരിച്ചു. .
സംസ്ഥാന സെക്രട്ടറിമാർക്കും മേഖലാപ്രസിഡന്റുമാർക്കും ജില്ലകളുടെ സംഘടനാ ചുമതലയും നൽകി. കാസർകോട്-പി.രഘുനാഥ്, കണ്ണൂർ -കെ.പി. പ്രകാശ്ബാബു, വയനാട്- ടി.പി.ജയചന്ദ്രൻ, മലപ്പുറം- കെ.രഞ്ജിത്ത്, കോഴിക്കോട്-ബി. ഗോപാലകൃഷ്ണൻ, പാലക്കാട്-എ.നാഗേഷ്, തൃശൂർ-വി. ഉണ്ണികൃഷ്ണൻ, എറണാകുളം - സി. ശിവൻകുട്ടി, ഇടുക്കി- ജെ. ആർ. പദ്മകുമാർ, കോട്ടയം- എ.കെ.നസീർ, ആലപ്പുഴ:-എസ്. സുരേഷ്, പത്തനംതിട്ട- കരമന ജയൻ, കൊല്ലം- കെ. സോമൻ, തിരുവനന്തപുരം-നാരായണൻ നമ്പൂതിരി.