വർക്കല: വേനൽ കടുത്തതോടെ വർക്കലയിൽ കുടിവെള്ളം കിട്ടാതാവുന്നു. ഇതിനിടെ ഇവിടെ അനധികൃത ജലവില്പനയും ശുദ്ധജലത്തിന്റെ ദുരുപയോഗവും വ്യാപകമാവുന്നു. വാട്ടർ അതോറിട്ടിയുടെ പൊതു ടാപ്പുകളിൽ വല്ലപ്പോഴും ലഭിക്കുന്ന ജലം ചിലർ ടാപ്പുകളിൽ നിന്നും ഹോസ് ഉപയോഗിച്ച് കൃഷിക്കും നിർമ്മാണമേഖലയ്ക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നതായാണ് പരാതി. മലിനജലം ടാങ്കറുകളിൽ എത്തിച്ച് വിതരണം ചെയ്യുന്നതും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരികയാണ്.
പുലർച്ചെ മുതൽ ടാങ്കർ ഘടിപ്പിച്ചെത്തുന്ന പിക്കപ്പ് വാൻ, ആട്ടോ, മിനി ടെമ്പോ എന്നിവ ജലക്ഷാമം കൂടുതലായ പ്രദേശങ്ങൾ കൈയടക്കുകയാണ്. വേനൽ ശക്തമായതോടെ പട്ടണങ്ങളിലും പരിസര പ്രദേശങ്ങളിലെയും കിണറുകളും വറ്റി.
ഇത്തരം സാഹചര്യങ്ങൾ മുതലെടുത്താണ് കുടിവെള്ള മാഫിയകളുടെ കടന്നുകയറ്രം. ജലം അമിത വില നൽകി വാങ്ങേണ്ട ഗതികേടിലാണ് നഗരവാസികൾ. വിതരണത്തിനെത്തുന്ന ജലത്തിന്റെ ഗുണനിലവാരം, ഉറവിടം എന്നിവയെ സംബന്ധിച്ച് അതാത് പ്രദേശത്തെ ആരോഗ്യ വകുപ്പിനും മതിയായ ധാരണയില്ല. ജല അതോറിട്ടിയുടെ വാഹനം ഒഴികെയുള്ളവയ്ക്ക് ലൈസൻസ് നിർബന്ധമാണെന്നാണ് വ്യവസ്ഥ. വിതരണത്തിനുപയോഗിക്കുന്ന വാഹനത്തിന്റെ നമ്പർ ലൈസൻസിൽ രേഖപ്പെടുത്തണമെന്നും എന്ത് ആവശ്യത്തിനാണ് ഉപയോഗപ്പെടുത്തുന്നതെന്നും വ്യവസ്ഥയുണ്ട്. ഒപ്പം വാഹനത്തിലും വാട്ടർ ടാങ്കിലും കുടിവെള്ളമെന്ന് രേഖപ്പെടുത്തുകയും വേണം. കുടിവെള്ള സ്രോതസുകളിലെ ജലം ആറ് മാസത്തിലൊരിക്കൽ അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ ഇത്തരം വ്യവസ്ഥകളൊന്നും പാലിക്കപ്പെടുന്നില്ല. വർക്കല നഗരത്തിൽ വിതരണത്തിനെത്തുന്ന കുടിവെള്ളത്തിന്റെ ഏറിയപങ്കും തീരദേശ മേഖലകളിൽ നിന്നുമാണ് ശേഖരിക്കുന്നത്. വാട്ടർ അതോറിട്ടിയുടെയും ആരോഗ്യവകുപ്പിന്റെയും പരിശോധന ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം.