kn-satheesh

തിരുവനന്തപുരം: സപ്ലൈകോ ഇടപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് എം.ഡി. സ്ഥാനത്തു നിന്നും കെ.എൻ. സതീഷിനെ സർക്കാർ നീക്കി. കാപ്പിപ്പൊടി വിതരണ കരാറിൽ നിന്ന് ഒഴിവാക്കിയതിനു 6.91 ലക്ഷം രൂപയും പലിശയും നഷ്ട പരിഹാരം ചോദിച്ച കമ്പനിക്കു 2 കോടി രൂപ നൽകി വിചിത്രമായ ഒത്തുതീർപ്പ് നടത്തിയ സംഭവത്തിൽ ഭക്ഷ്യവകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ എം.ഡിക്ക് പങ്കുള്ളതായി കണ്ടെത്തിയിനെ തുടർന്നാണ് നടപടി എടുത്തത്.

2007ൽ കരാർ നൽകുകയും സമയക്രമം പാലിക്കാത്തിന്റെ പേരിൽ പിന്നീടു സപ്ലൈകോ വിലക്കുകയും ചെയ്ത വയനാട്ടിലെ സാൻ സ്‌പൈസസ് എന്ന സ്ഥാപനത്തിനാണ് ഒത്തുതീർപ്പിന്റെ പേരിൽ വൻതുക നൽകാൻ സപ്ലൈകോ എം.ഡി തീരുമാനിച്ചത്. പിഴയീടാക്കാൻ മാത്രം വ്യവസ്ഥയുള്ളപ്പോൾ വിലക്കിയതിനെതിരെ 6.91 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം ആവശ്യപ്പെട്ടു കമ്പനി മൈക്രോ സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ കൗൺസിലിനെ സമീപിച്ചു. ഏകദേശം 38 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ 2016ൽ വിധിയെത്തി. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നു സപ്ലൈകോ സ്റ്റേ ഉത്തരവ് വാങ്ങി.

സ്റ്റേ നീങ്ങിയതോടെ സുപ്രീം കോടതിയെ സമീപിക്കാതെ സപ്ലൈകോ എം.ഡി ഒത്തുതീർപ്പിനു കമ്പനിയെ വിളിക്കുകയായിരുന്നു. ഇത്രയും വർഷത്തെ പലിശയടക്കം നഷ്ടപരിഹാരം ഏകദേശം ഒരു കോടി രൂപയാണെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടും 2 കോടി നൽകാനായിരുന്നു തീരുമാനം. ഇതിന്റെ ഫയൽ ഒരാഴ്ച ഫിനാൻസ് വിഭാഗം പിടിച്ചുവച്ചു. കർശന നിർദ്ദേശം വന്നതോടെ തുക അനുവദിച്ചു. ഹെഡ് ഓഫിസ് മാനേജ്‌മെന്റ് കമ്മിറ്റിയെയോ, സപ്ലൈകോയുടെ നിയമവിഭാഗത്തെയോ അറിയിക്കാതെയായിരുന്നു ഒത്തുതീർപ്പ്.

ഇതു സംബന്ധിച്ച് വിവരം ലഭിച്ച മന്ത്രി പി.തിലോത്തമൻ സെക്രട്ടറി വേണുഗോപാലിനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. കെ.എൻ.സതീഷ് എം.ഡിയായിരുന്നപ്പോൾ നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ക്രമക്കേട് നടത്തിയിട്ടില്ല: കെ.എൻ. സതീഷ്

'സപ്ളൈകോയിൽ ക്രമക്കേട് ഒന്നും നടത്തിയിട്ടില്ലെന്ന് കെ.എൻ. സതീഷ് പറഞ്ഞു. ഇതു സംബന്ധിച്ച് ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണ്. സ്ഥാപനത്തെ ലാഭത്തിൽ കൊണ്ടുപാകാനാണ് ശ്രമിച്ചിരുന്നത്. വസ്തുതകൾക്ക് നിരക്കാത്ത അരോപണമാണ് ഒത്തുതീർപ്പുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ളത്'- അദ്ദേഹം പറഞ്ഞു.