നിയമസഭയിൽ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ സഹായം പ്രാദേശിക സി.പി.എം നേതാക്കൾ തട്ടിയെടുത്തതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു.
14 ജില്ലകളിലുമായി 8.15 കോടിയുടെ തട്ടിപ്പ് നടന്നതിൽ തൃക്കാക്കരയിലെ 16 ലക്ഷത്തിന്റെ തട്ടിപ്പു മാത്രമാണ് അന്വേഷിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ. ഷംസുദീൻ ആരോപിച്ചു. സി.ബി.ഐ അന്വേഷണ ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തിരിമറിയെപ്പറ്റി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ അന്വേഷിക്കുന്നതായി റവന്യു മന്ത്റി ഇ.ചന്ദ്രശേഖരൻ മറുപടി നൽകി. തുക അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ലഭിച്ചെന്ന് ഉറപ്പാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃക്കാക്കര അയ്യനാട് സർവീസ് ബാങ്കിന്റെ ഫെഡറൽ ബാങ്കിലുളള പൂൾ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത 10,54,000 രൂപയിൽ അഞ്ചു ലക്ഷം രൂപ അൻവറിന്റെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന് കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്കിനെ സസ്‌പെന്റ് ചെയ്തു. മേലുദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുത്തു. ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡ്, പാസ്‌വേഡ്, ഡിജിറ്റൽ സിഗ്നേച്ചർ എന്നിവ കീഴുദ്യോഗസ്ഥർക്ക് നൽകുന്നത് നിയന്ത്റിക്കും. ചെറിയ സമ്പാദ്യ അക്കൗണ്ടുള്ളവർക്കും ഒരു സമയം 50,000 രൂപയിൽ കൂടുതൽ സൂക്ഷിക്കാൻ കഴിയുന്നതിന് ചട്ടഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിനാലാണ് വയനാട്ടിൽ സനലും ഇടുക്കിയിൽ ഗ്രേസിയും മരണം വരിച്ചതെന്നു എൻ. ഷംസുദീൻ ആരോപിച്ചു. വീടു തകർന്നിട്ടും പുനർനിർമാണത്തിനു തുക ലഭിക്കാത്ത നെടുങ്കണ്ടത്തെ അജയൻ ആട്ടിൻകൂട്ടിലാണ് താമസിക്കുന്നത്. ആലുവയിൽ കാഴ്ചയില്ലാത്ത ലത്തീഫിനു ലഭിച്ച തുക മറ്റൊരു അക്കൗണ്ടിലേക്കു പോയി. സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ നേതൃത്വത്തിലാണു തട്ടിപ്പു നടന്നതെന്നും ഷംസുദീൻ ആരോപിച്ചു. തട്ടിപ്പിന്റെ കേന്ദ്രമായ സി.പി.എം നിയന്ത്റണത്തിലുള്ള അയ്യനാട് സർവീസ് സഹകരണ ബാങ്ക് പിരിച്ചു വിടണമെന്നു പി.ടി. തോമസും,. തട്ടിപ്പു കേസിലെ ഒന്നാം പ്രതിയെ സംരക്ഷിച്ച സി.പി.എം നേതാക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന് വി.ഡി. സതീശനും ആവശ്യപ്പെട്ടു.അപകടത്തിൽ ചോര വാർന്നു കിടക്കുന്നവരുടെ പണവും ആഭരണവും അടിച്ചു മാറ്റുന്നവരെ നാണിപ്പിക്കുന്ന വിധത്തിലാണ് പ്രളയ ഫണ്ട് സി.പി.എമ്മുകാർ അടിച്ചു മാറ്റിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.