ambu

വെഞ്ഞാറമൂട്: മൃതദേഹവുമായി പോയ ആംബുലൻസ് കത്തി നശിച്ചു. തീ പടരും മുൻപ് ആംബുലൻസ് നിറുത്തി മൃതദേഹം മാറ്റുകയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരും ഡ്രൈവരും ഓടി മാറുകയും ചെയ്തതിനാൽ ആളപായമുണ്ടായില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് വെഞ്ഞാറമൂട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കൊട്ടാരക്കരയ്ക്കു കൊണ്ടു പോവുകയായിരുന്നു. കൊട്ടാരക്കര തലച്ചിറ സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ളതാണ് ആംബുലൻസ്. വെഞ്ഞാറമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ തന്നെ വാഹനത്തിന്റെ എൻജിൻ ഭാഗത്ത് നിന്നു പുക ഉയർന്നിരുന്നു. ഇത് കണ്ട ഡ്രൈവർ അല്പം മാറ്റി വാഹനം നിറുത്തി. ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പുറത്തിറങ്ങി മൃതദേഹം മാറ്റി നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് വെഞ്ഞാറമൂട് അഗ്നി ശമന സേന എത്തിയെങ്കിലും ആംബുലൻസ് പൂർണ്ണമായും കത്തി നശിച്ചു. മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസിൽ കൊട്ടാരക്കരയ്ക്ക് കൊണ്ടുപോയി.