തിരുവനന്തപുരം: സംസ്ഥാനത്ത് സോഷ്യൽ സാമൂഹ്യ പൊലീസ് എന്ന പുതിയ വിഭാഗം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രത്യേക ഡയറക്ടറേറ്റിന് കീഴിൽ രൂപീകരിക്കുന്ന ഇതിന്റെ നേതൃത്വം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും.
ജനമൈത്രി പൊലീസ്, എസ്.പി.സി എന്നിവയെ ഇതിന് കീഴിൽ കൊണ്ടുവരും. പരാതികളുടെ പരിശോധനയും ഡയറക്ടറേറ്റിന് കീഴിൽ കൊണ്ടുവരുമെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി വ്യക്തമാക്കി.
വിജിലൻസ്, ജയിൽ, ഫയർഫോഴ്‌സ് എന്നിവയുടെ പ്രവർത്തനവും കാര്യക്ഷമമാക്കും. എല്ലാ വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം ആരംഭിക്കും. സ്‌റ്റേഷനുകളിലെ സൈബർ വിംഗിന് സ്‌റ്റേഷൻ പദവി നൽകി കേസെടുക്കാനുള്ള അധികാരം നൽകും. ആറാമത് കെ.എ.പി ബറ്റാലിയൻ കോഴിക്കോട്ട് ആരംഭിക്കും. ആലപ്പുഴയിൽ കാറിടിച്ച് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റ സംഭവത്തിൽ കർശനനടപടി സ്വീകരിക്കാൻ എസ്.പിക്ക് നിർദ്ദേശം നൽകി. അവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി എയ്ഡഡ് സ്‌കൂളുകളിലും നടപ്പാക്കും.
കേസുകൾ കുറഞ്ഞു
കേസുകളുടെ എണ്ണത്തിൽ 1.76 ലക്ഷത്തിന്റെ കുറവ് വന്നിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് കേരളത്തിലെ ശിക്ഷാനിരക്ക് 82.24 ശതമാനമാണ്. 350 സ്റ്റേഷനുകൾ ഭിന്നശേഷി സൗഹൃദമാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ ഭാഗമായി സ്വയം പ്രതിരോധ പരിശീലനം നൽകും. പ്രധാന ജില്ലകളിൽ അഞ്ച് ലക്ഷംപേർക്കും ചെറിയ ജില്ലകളിൽ രണ്ട് ലക്ഷം പേർക്കും പരിശീലനം നൽകും. നേരിട്ടുള്ള നിയമനം വഴി പൂർണ വ്യവസായ സുരക്ഷാസേന രൂപീകരിക്കും. ഇതിനായി 3000 തസ്തികകൾ സൃഷ്ടിക്കും.