cm-at-vjt

കൊറോണ ഇല്ലെന്ന സർ‌ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്ര സർക്കുലർ പിൻവലിക്കണം

തിരുവനന്തപുരം: പ്രവാസികളായ ഇന്ത്യൻ പൗരന്മാർ മെഡിക്കൽ പരിശോധനയിലൂടെ കൊറോണ രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ നാട്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന കേന്ദ്ര നിലപാട് അപരിഷ്‌കൃതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ഇന്ത്യൻ പൗരൻ രോഗിയായിപ്പോയെന്ന് വച്ച് ഇങ്ങോട്ട് വരാൻ പാടില്ലെന്നു പറയാൻ പാടില്ലാത്തതാണ്. പൗരന് എല്ലാ സംരക്ഷണവും നൽകാനുള്ള ചുമതലയിൽ നിന്ന് കേന്ദ്രത്തിന് കൈയൊഴിയാനാവുമോ? ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്റിക്ക് കത്തയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമസഭ പ്രമേയം പാസാക്കുന്നത് പരിഗണിക്കാവുന്നതാണ്.

കൊറോണ ബാധയെത്തുടർന്ന് പ്രവാസികൾ നിരവധി പ്രയാസങ്ങൾ നേരിടുന്നു. വിമാന സർവ്വീസുകൾ റദ്ദാക്കിയത് കാരണം അവധി കഴിഞ്ഞും,പുതുതായി തൊഴിൽ വിസ ലഭിച്ചും ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ കാലാവധി നീട്ടി ലഭിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും വിദേശയാത്രയ്ക്ക് നിയന്ത്റണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പി.സി.ആർ മെഡിക്കൽ സർട്ടിഫിക്ക​റ്റ് നിർബന്ധമാണെന്ന് കുവൈ​റ്റ് ഉൾപ്പെടെ ചില രാജ്യങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ട്.

യാത്രാവിലക്കുകൾ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് വിദേശകാര്യ മന്ത്റിക്ക് കത്തയച്ചു. ഇ​റ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികളെപ്പറ്റി ചീഫ് സെക്രട്ടറി കേന്ദ്ര കാബിന​റ്റ് സെക്രട്ടറിയോട് ഫോണിൽ സംസാരിച്ചു. രോഗമില്ലാത്തവരെ പരിശോധിക്കാനാവില്ലെന്നാണ് ഇറ്റലിയുടെ നിലപാടെന്ന് അവിടത്തെ മലയാളികൾ അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് പോവുമെന്നാണ് കേന്ദ്രം പറയുന്നത്-

കെ.വി. അബ്ദുൾ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്റി പറഞ്ഞു.