തിരുവനന്തപുരം: ഇനി നടക്കാനിരിക്കുന്ന പരീക്ഷകൾക്കു കൂടി ആത്മവിശ്വാസമേകി എസ്.എസ്.എൽ.സി മലയാളം രണ്ടാം പേപ്പർ. ഒട്ടും പ്രയാസം കൂടാതെ ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങളായിരുന്നു മലയാളത്തിന്റേതെന്ന് കുട്ടികൾക്ക് പൊതു അഭിപ്രായം. ശരാശരിക്കു താഴെയുള്ളവർക്കു പോലും മികച്ച സ്‌കോർ നേടാനാകുമെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ.
17 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നുമുതൽ 5 വരെ ചോദ്യങ്ങളിൽ നാലെണ്ണത്തിന് ഉത്തരമെഴുതണം. ഓരോ മാർക്ക് വീതം. ആറ് മുതൽ എട്ട് വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്. രണ്ടു മാർക്ക്. ഇവയെല്ലാം പാഠപുസ്തകത്തിൽ നിന്നുള്ള നേരിട്ടുള്ള ചോദ്യങ്ങളായതിനാൽ കുട്ടികൾക്ക് എളുപ്പമായി.
ഒമ്പത് മുതൽ 14 വരെ അരപ്പുറത്തിൽ ഉത്തരമെഴുതാനുള്ള നാലു മാർക്കിന്റെ ചോദ്യങ്ങളും വലച്ചില്ല.
ഒരു പുറത്തിൽ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളിൽ ഇ.സന്തോഷ്‌കുമാറിന്റെ പണയം എന്ന കഥയിലെ ചാക്കുണ്ണി, ചെമ്പ് മത്തായി എന്നീ കഥാപാത്രങ്ങളെ താരതമ്യം ചെയ്ത് എഴുതുക, വൈലോപ്പിള്ളി കവിതയിലെ കേരളീയത, കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ 'ഗുരുദർശനങ്ങളും ഏകലോക സങ്കല്പവും' എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക എന്നീ ചോദ്യങ്ങളാണ് നൽകിയത്. പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായതിനാൽ ഇവയിൽ കൂടുതൽ എളുപ്പമായി തോന്നിയ രണ്ടെണ്ണത്തിന് ഉത്തരം എഴുതാൻ കുട്ടികൾക്കായി.
പാഠപുസ്തകം നന്നായി പഠിച്ചുപോയ കുട്ടിക്ക് 40 മാർക്കും സ്‌കോർ ചെയ്യാൻ കഴിയും. ആശങ്ക കൂടാതെ ചോദ്യങ്ങൾക്ക് നന്നായി ഉത്തരമെഴുതാൻ കഴിയുന്നതുകൊണ്ട് കുട്ടികളിൽ ഭാഷാസ്‌നേഹം ഉണ്ടാക്കാനും പ്ലസ്ടു തലത്തിൽ രണ്ടാം ഭാഷയായി മലയാളം പഠിക്കുന്നതിന് പ്രേരണ നൽകുന്നതിനും ഈ പരീക്ഷയ്ക്ക് സാധിച്ചിട്ടുണ്ട്.
-എസ്.സൈജു, മലയാളം അദ്ധ്യാപകൻ, ഗവ.വി.എച്ച്.എസ്.എസ് ഞെക്കാട്, തിരുവനന്തപുരം