തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി ബസിറങ്ങിയ വീട്ടമ്മ സഞ്ചിയിൽ തപ്പിയപ്പോൾ പഴ്സില്ല. ഒരു ബന്ധുവിന് നൽകാനുള്ള പണം ഉൾപ്പെടെ 25,000 രൂപയായിരുന്നു പഴ്സിലുണ്ടായിരുന്നത്. ആറ്റുകാലമ്മയെ വിളിച്ച് പ്രാർത്ഥിച്ചു നിന്നപ്പോൾ ഫോൺ കാൾ. ബന്ധുവായ ഹരികുമാറിന്റേതാണ് കാൾ. 'പണം നഷ്ടപ്പെട്ടതോർത്ത് കരഞ്ഞു നിൽക്കണ്ട, പോയി പൊങ്കാലയിട്ടു വരിക. നഷ്ടപ്പെട്ട പണം ഉടനെ കിട്ടും.' അതു പോലെ സംഭവിച്ചു.

സംഭവിച്ചത് ഇങ്ങനെ: പേരൂർക്കട നിന്നു 'സരോമ' എന്ന ബസിലാണ് പദ്മിനിഅമ്മ ആറ്റുകാലിലേക്ക് പുറപ്പെട്ടത്. ടിക്കറ്റെടുത്തിട്ട് പഴ്സ് പൊങ്കാല സാധനങ്ങൾ കൊണ്ടു വന്ന ബിഗ്ഷോപ്പറിലേക്ക് ഇട്ടു. വീണത് പുറത്ത്. കിഴക്കേകോട്ട ബസിറങ്ങിയ പദ്മിനി അമ്മ ആട്ടോറിക്ഷയിൽ കയറാനായി നോക്കിയപ്പോഴാണ് പഴ്സില്ലെന്ന് അറിഞ്ഞത്. ഈ സമയം ബസിൽ കണ്ടക്ടർ വിശ്വവും ഡ്രൈവർ വിനോദും പഴ്സ് കണ്ടെത്തിയിരുന്നു. 'ഇതാരുടെ പഴ്സാണെ'ന്ന് അപ്പോഴേക്കും ഇറങ്ങിനടന്ന യാത്രക്കാരോട് വിളിച്ചു ചോദിച്ചു. ആരും ശ്രദ്ധിച്ചില്ല. പഴ്സ് തുറന്നപ്പോൾ ഹരികുമാർ എന്ന ബന്ധുവിന്റെ നമ്പർ കിട്ടി. അതിലേക്ക് വിശ്വം വിളിച്ചു. ഹരികുമാറിന്റെ അമ്മായിയാണ് പദ്മിനി അമ്മ. പഴ്സ് തിരികെ പേരൂർക്കട എത്തുമ്പോൾ തരാമെന്നും വിശ്വം അറിയിച്ചു. ഇതോടെ ഹരികുമാർ പദ്മിനി അമ്മയെ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നു. രാവിലെ പത്തായപ്പോഴേക്കും പണമടങ്ങിയ പഴ്സ് ജീവനക്കാർ പേരൂർക്കടയിൽ എത്തിക്കുകയും ചെയ്തു.