ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്
ധർമ്മശാലയിൽ
മത്സരത്തിന് മഴ ഭീഷണി, കൊറോണയെ
തടുക്കാൻ സുരക്ഷ ശക്തം
ടി.വി ലൈവ് : ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ
ധർമ്മശാല : ന്യൂസിലാൻഡിൽ ഏകദിനങ്ങളിലും ടെസ്റ്റിലും തരിപ്പണമായ ഇന്ത്യ ആത്മവീര്യം വീണ്ടെടുക്കാൻ സ്വന്തം മണ്ണിലൊരു ഏകദിന പരമ്പരയ്ക്കിറങ്ങുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ എതിരാളികൾ ദക്ഷിണാഫ്രിക്കയാണ്. കഴിഞ്ഞവർഷം ഇവിടയെത്തി ടെസ്റ്റും ട്വന്റി 20യും തോറ്റുമടങ്ങിയ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിന മത്സരം ഇന്ന് ധർമ്മശാലയിലാണ് നടക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽ കളി ലൈവായി കാണാം.
നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും ഇൗ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാകുന്നത് ന്യൂസിലൻഡിനെതിരെ ഏകദിനത്തിലും ടെസ്റ്റിലും സംഭവിച്ച തോൽവികളിൽനിന്ന് ഉയിർത്തെണീക്കാനുള്ള അവസരം എന്ന നിലയിലാണ്. അതേസമയം പര്യടനത്തിന് വന്ന ആസ്ട്രേലിയയെ മൂന്ന് മത്സര ഏകദിന പരമ്പരയിൽ മൂക്കുകുത്തിച്ച ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക വരുന്നത്. അതിനുമുമ്പ് ഇംഗ്ളണ്ടുമായി 1-1ന് പരമ്പര സമനിലയിലാക്കിയിരുന്നു.
വിജയവഴിയിലേക്ക് തിരികെ വരാനുള്ള ഇന്ത്യൻ ടീമിന്റെ മാത്രമല്ല പരിക്കിൽനിന്ന് മടങ്ങിയെത്താനുള്ള ഇന്ത്യൻ താരങ്ങളുടെ കൂടി ശ്രമമാണ് ഇൗ പരമ്പര. ശിഖർധവാൻ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവരാണ് പരിക്കിന്റെ ഇടവേള കഴിഞ്ഞ് ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇവരിൽ ആരെയൊക്കെ പ്ളേയിംഗ് ഇലവനിലേക്ക് എടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
ഉപനായകനും ഒാപ്പണറുമായി രോഹിത് ശർമ്മ ടീമിലില്ലാത്തതിനാൽ ശിഖർധവാൻ തന്റെ ഒാപ്പണിംഗ് സ്ളോട്ടിലേക്ക് തിരിച്ചെത്തുമ്പോൾ കൂട്ടിനുണ്ടാകുക യുവ ഒാപ്പണർ പൃഥ്വിഷാ ആയിരിക്കും. ഹാർദിക് പാണ്ഡ്യയെ ടീമിലുൾപ്പെടുത്താൻ മനീഷ് പാണ്ഡെയെ മദ്ധ്യനിരയിൽ നിന്ന് ഒഴിവാക്കേണ്ടിവരും. ശാർദ്ദൂൽ താക്കൂറിന് പകരമാകും ഭുവനേശ്വർ കളിക്കുക. മദ്ധ്യനിര ബാറ്റിംഗിൽ കെ.എൽ. രാഹുൽകൂടി എത്തുന്നതോടെ ഇന്ത്യ കെട്ടുറപ്പേറിയതാകും. കൊഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരാണ് മദ്ധ്യനിരയിലെ മറ്റ് പ്രമുഖർ. ആൾ റൗണ്ടർ രവീന്ദ്ര ജഡേജ രണ്ടാംസ്പിന്നറായി ടീമിലുണ്ടാകുമ്പോൾ സ്പെഷ്യലിസ്റ്റ് സ്പിന്നറായി ഇറങ്ങുക യുസ്‌വേന്ദ്ര ചഹലായിരിക്കും.
ഇൗ പരമ്പര ഏറ്റവും നിർണായകമാകുന്ന മറ്റൊരു ഇന്ത്യൻ താരം പേസർ ജസ്‌പ്രീത് ബുംറയാണ്. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം ന്യൂസിലാൻഡ് പര്യടനത്തിലൂടെയാണ് ബുംറ തിരിച്ചെത്തിയത്. എന്നാൽ തിരിച്ചുവരവിൽ പഴയ ഫോമിന്റെ ഏഴയലത്തേക്ക് എത്താൻ ബുംറയ്ക്ക് കഴിഞ്ഞിരുന്നില്ല. ആ പിഴവുകൾ പരിഹരിക്കാൻ ബുംറയ്ക്കുള്ള അവസരമാണിത്.
മുൻ നായകൻ ഫാഫ് ഡുപ്ളെസിയെ ഇന്ത്യൻ മണ്ണിലെ പരിചയ സമ്പത്ത് കണക്കിലെടുത്ത് ദക്ഷിണാഫ്രിക്ക ഇൗ പരമ്പരയിലേക്ക് വിളിച്ചിട്ടുണ്ട്. മദ്ധ്യനിര ബാറ്റ്സ്മാൻ ടെംപ ബൗമയുടെ ഫിറ്റ്നസാണ് ക്വിന്റൺ ഡി കോക്ക് നയിക്കുന്ന ടീമിന്റെ തലവേദന. ബൗമയ്ക്ക് കവർ അപ്പായി ജാനേമൻ മലാനെ ടീമിനൊപ്പമെത്തിച്ചിട്ടുണ്ട്. എന്നാൽ പ്ളേയിംഗ് ഇലവനിൽ ജെജെ സ്മട്ടസ് ഇറങ്ങാനാണ് സാദ്ധ്യത കൂടുതൽ.
മഴ വീണ്ടും വരുമോ?
കഴിഞ്ഞ സെപ്തംബറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരം നിശ്ചയിച്ചിരുന്നത് ധർമ്മശാലയിലാണ്.
എന്നാൽ കനത്ത മഴമൂലം ഇൗ മത്സരം ഒറ്റപ്പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടിവന്നു.
ഇന്നും ധർമ്മശാലയിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇന്നലെ ഇവിടെ മഴയുണ്ടായിരുന്നു. പിച്ചുകൾ മൂടിയിട്ടിരിക്കുകയാണ്.
സാദ്ധ്യതാ ഇലവനുകൾ
ഇന്ത്യ : ശിഖർ ധവാൻ, പ്വഥ്വി ഷാ, വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചഹൽ, ജസ്‌പ്രീത് ബുംറ.
ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, ജാന്നേമൻ മലാൻ/ടെംപ ബൗമ/സ്മട്ട്സ്, സീവാൻഡർ ഡ്യൂസൻ, ഫാഫ് ഡുപ്ളെസി, ഹെൻറിച്ച് ക്ളാസൻ, ഡേവിഡ് മില്ലർ, ആൻഡിൽ പെഹ്‌ലുക്ക്‌വായോ, കേശവ് മഹാരാജ്, ബ്യുറൻ ഹെൻഡ്രിറ്റ്സ്/ ജോർജ് ലിൻഡെ, അൻറിച്ച് നോർദേ, ലുംഗി എംഗിഡി.
കൊറോണ സുരക്ഷ
കൊറോണയെ പ്രതിരോധിക്കാൻ കളിക്കാർക്ക് ബി.സി.സി.ഐയും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കാണികൾക്കൊപ്പം സെൽഫി എടുക്കാനോ, റസ്റ്ററന്റുകളിൽ ആഹാരം കഴിക്കാനോ, അപരിചിതരുടെ സെൽഫോണുകൾ ഉപയോഗിക്കാനോ പാടില്ലെന്നാണ് ബി.സി.സി.ഐയുടെ പ്രധാന നിർദ്ദേശം.
രണ്ടാം ഏകദിനം മാർച്ച് 15ന് ലക്‌നൗവിലും മൂന്നാം ഏകദിനം 18ന് കൊൽക്കത്തയിലും നടക്കും.
ബുംറയും ഭുവനേശ്വറും ഒന്നിച്ചിറങ്ങിയ 41 ഏകദിനങ്ങളിൽ 31 എണ്ണത്തിലും ഇന്ത്യ ജയിച്ചിട്ടുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തിൽ പന്തിൽ തുപ്പല് തൊട്ട് തിളക്കം വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ആ ശീലം എത്ര കണ്ട് മാറ്റാൻ പറ്റുമെന്ന് പറയാനാവില്ല.
ഭുവനേശ്വർ കുമാർ
133
ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 12000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്‌മാൻ എന്ന സച്ചിന്റെ റെക്കാഡ് തകർക്കാൻ വിരാട് കൊഹ്‌ലിക്ക് 133 റൺസ് കൂടിമതി.
ഞങ്ങൾ താരതമ്യേന യുവനിരയാണ് അതുകൊണ്ടുതന്നെ യുവതാരങ്ങൾക്ക് മാർഗനിർദ്ദേശം നൽകേണ്ട ചുമതല ഫഫ് ഡുപ്ളെസിയും ഞാനും ഉൾപ്പെടെയുള്ള സീനിയേഴ്സിനുണ്ട്.
ക്വിന്റൺ ഡികോക്ക്
ദക്ഷിണാഫ്രിക്ക ക്യാപ്ടൻ