തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി ബാലരാമപുരം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായുള്ള അണ്ടർ പാസേജ് നിർമ്മാണം ബാഹ്യശക്തികളുടെ ഇടപെടൽ കാരണം അട്ടിമറിക്കപ്പെട്ടുവെന്ന് ആക്ഷൻ കൗൺസിൽ കേന്ദ്രകമ്മിറ്റി യോഗം ആരോപിച്ചു. ജംഗ്ഷൻ വികസനം തന്നെ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. അണ്ടർ പാസേജോ ഫ്ലൈ ഓവറോ നിർമ്മിക്കാതെ ബാലരാമപുരം ജംഗ്ഷനിൽ നടത്തുന്ന വികസനം കൊണ്ട് യാത്രക്കാരുടെ ബുദ്ധിമുട്ടിന് ഒരു പരിഹാരവും ഉണ്ടാകാൻ പോകുന്നില്ല. ബാലരാമപുരം ജംഗ്ഷൻ മുതൽ വഴിമുക്ക് വരെയുള്ള ഭൂമി ഏറ്റെടുക്കാൻ ഫണ്ടുള്ളതിനാൽ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറണമെന്നും യോഗം ആവശ്യപ്പെട്ടു.
വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള അലൈൻമെന്റ് തയ്യാറാക്കി രണ്ട് വർഷം കഴിഞ്ഞിട്ടും അത് അംഗീകരിച്ച് ഭൂമി അതിര് തിരിച്ച് കല്ലിടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് എ.എസ്‌. മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം രക്ഷാധികാരി ആർ.എസ്.ശശികുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.