ഒളിമ്പിക് ദീപം തെളിക്കൽ ഇന്ന് ഏതൻസിൽ
മാറ്റാമെന്ന് ജപ്പാൻ
മാറ്റരുതെന്ന് ഐ.ഒ.സി
ഏതൻസ്/ടോക്കിയോ/ലോസന്നെ : ലോകമെങ്ങും കൊറോണ വൈറസ് അതിവേഗം വ്യാപിക്കുകയും ആശങ്ക പരക്കുകയും ചെയ്യുമ്പോൾ ഒളിമ്പിക് കായിക മഹാമഹത്തിന്റെ ദീപം തെളിക്കൽ ഇന്ന് ഗ്രീസിലെ ഏതൻസിലെ പൗരാണിക ഒളിമ്പ്യാ ക്ഷേത്രത്തിൽ കനത്ത സുരക്ഷയിൽ നടക്കും.
അതേസമയം ജൂലായ് 24 മുതൽ ആഗസ്റ്റ് 9 വരെ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ഒളിമ്പിക്സ് നടത്താനാകുമോ എന്ന ആശങ്കയ്ക്കും കനമേറി വരികയാണ്. ഒന്നോ രണ്ടോ വർഷത്തേക്ക് ഗെയിംസ് മാറ്റിവയ്ക്കുകയാണ് നല്ലതെന്ന് ടോക്കിയോ ഒാർഗനൈസിംഗ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോർഡ് അംഗമായ ഹാരുയുകി തകാഹാഷി തന്നെ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി നിശ്ചയിച്ച സമയത്ത് തന്നെ ഗെയിംസ് നടത്തണമെന്ന നിർബന്ധത്തിലാണ്. തകാഹാഷിയുടെ വാക്കുകൾചർച്ചയായതോടെ ഐ.ഒ.സിയുടെ നിർദ്ദേശാനുസരണം ടോക്കിയോ ഒാർഗനൈസിംഗ് കമ്മിറ്റി പത്രസമ്മേളനം നടത്തി ഗെയിംസിന് മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ജപ്പാനിലെ സംഘാടക സമിതിയും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വീണ്ടും പരസ്യമാക്കുന്നതായിരുന്നു. ഇന്നലത്തെ സംഭവവികാസങ്ങളും. നേരത്തേ ഗെയിംസ് മാറ്റിവയ്ക്കേണ്ടിവരുമെന്ന് ജാപ്പനീസ് കായികമന്ത്രി പാർലമെന്റിൽ അറിയിക്കുകയും പിന്നീട് ഐ.ഒ.സി സമ്മർദ്ദം മൂലം തിരുത്തുകയും ചെയ്തിരുന്നു.
ഒളിമ്പിക്സ് മാറ്റിവച്ച ലോകത്തെ മുഴുവൻ സ്പോർട്സ് ഷെഡ്യൂളും തെറ്റുമെന്നതുകൊണ്ടാണ് ഐ.ഒ.സി നിശ്ചിതസമയത്ത് തന്നെ നടത്താൻ നിർബന്ധിക്കുന്നത്. എന്നാൽ ഇൗ വർഷത്തിനുള്ളിൽ നടത്താതെ അടുത്തവർഷമോ അതിനടുത്തവർഷമോ ഇതേ കാലയളവിൽ മാറ്റിയാൽ ഷെഡ്യൂൾ പ്രശ്നമുണ്ടാവില്ലെന്ന് തകാഹാഷി ചൂണ്ടിക്കാട്ടുന്നു. അതേസമയം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കാണികളില്ലാതെ നടത്തിയാൽ അത് സ്പോൺസേഴ്സിന് പ്രതിസന്ധിയുണ്ടാക്കുമെന്നും വൻ സാമ്പത്തികനഷ്ടമാകും ജപ്പാന് ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം തകാഹാമിക്ക് മറുപടിയുമായി പത്രസമ്മേളനം നടത്തിയത് ടോക്കിയോ ഗെയിംസ് സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറിയാണ്. ഗെയിംസ് മാറ്റിവയ്ക്കുന്നതിനെപ്പറ്റിയല്ല സമയത്ത് നടത്തുന്നതിനെപ്പറ്റിയാണ് ആൾ ആലോചിക്കുന്നതെന്ന് മോറി പറഞ്ഞു.
ദീപം തെളിക്കൽ സുരക്ഷാ വലയത്തിൽ
ഗ്രീസിലെ ഒളിമ്പ്യാക്ഷേത്രത്തിൽ ഇന്നലെ ഒളിമ്പിക്സ് ദീപം തെളിക്കലിന്റെ ഡ്രസ് റിഹേഴ്സൽ നടന്നത് കനത്ത സുരക്ഷാ വലയത്തിലാണ്. . ഡ്രസ് റിഹേഴ്സലിന് കാണികളെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഇന്ന് ദീപം തെളിക്കലിനും കാണികൾ ഉണ്ടാവില്ല. . ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും ജപ്പാൻ സംഘാടക സമിതിയുടെയും പ്രതിനിധികളെ മാത്രമാണ് വേദിയിലെത്തിക്കുക. . മാദ്ധ്യമ ഫോട്ടോഗ്രാഫർമാർക്കും ദൂരെ മാറിയാണ് സ്ഥാനം നൽകിയത്. . ഗ്രീസിലെ പടിഞ്ഞാറൻ പ്രവിശ്യയായ പെലോപ്പൊന്നേസിൽ ഒരു ഡസനിലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനാൽ ഗ്രീസിലെ ദീപശിഖാപ്രയാണവും ആശങ്കയിലാണ്. . വലിയ ആൾക്കൂട്ടമില്ലാതെ പേരിനുവേണ്ടി മാത്രം പ്രയാണം നടത്തിയാൽ മതിയെന്നാണ് ഗ്രീക്ക് സർക്കാരിന്റെ നിലപാട്. . ഒളിമ്പിക് ദീപശിഖാ പ്രയാണവുമായി ബന്ധപ്പെട്ടുള്ള പൊതുചടങ്ങുകളും വിരുന്നുകളും ഉപേക്ഷിച്ചിട്ടുണ്ട്. . ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കാനുള്ള തീരുമാനം ഗ്രീക്ക് പ്രധാനമന്ത്രി ഉപേക്ഷിച്ചിട്ടുണ്ട്. അതേസമയം ഗ്രീക്ക് പ്രസിഡന്റ് അവസാന ദിവസങ്ങളിൽ പങ്കാളിയായേക്കും. ഇംഗ്ളീഷ് പ്രിമിയർ ലീഗ് ആഴ്സനൽ - മാഞ്ചസ്റ്റർ സിറ്റി മത്സരം മാറ്റിവച്ചു ആഴ്സനൽ താരങ്ങളെ മാറ്റിപ്പാർപ്പിച്ചു ലണ്ടൻ : കൊറോണ വൈറസ് ഭീഷണിയെത്തുടർന്ന് ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന ആഴ്സനലും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ മത്സരം മാറ്റിവച്ചു. ഗ്രീക്ക് ക്ളബ് ഒളിമ്പ്യാക്കോസിന്റെ ഉടമ ഇവാൻ ജലസ് മരീനാക്കിസിന് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി ആഴ്സനൽ താരങ്ങൾ അടുത്ത് ഇടപഴകിയതിനെത്തുടർന്നാണ് പ്രിമിയർ ലീഗ് സംഘാടകർ മത്സരം മാറ്റാൻ തീരുമാനിച്ചത്. ഫെബ്രുവരി 27ന് ആഴ്സനലും ഒളിമ്പ്യാക്കോസും തമ്മിലുള്ള മത്സരം കാണാൻ മരീനാക്കിസ് എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തിയിരുന്നു.കൊറോണ മൂലം മാറ്റിവയ്ക്കപ്പെടുന്ന ആദ്യ പ്രിമിയർ ലീഗ് മത്സരമാണിത്. രോഗബാധയ്ക്കുള്ള സാദ്ധ്യതയെത്തുടർന്ന് ആഴ്സനൽ താരങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. താരങ്ങൾക്ക് ആർക്കും ഇതുവരെ രോഗബാധയോ ലക്ഷണങ്ങളോ ഉണ്ടായിട്ടില്ലെന്ന് ക്ളബ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഹനോവർ താരത്തിന് രോഗബാധ ജർമ്മൻ ക്ളബ് ഹനോവറിന്റെ ഡിഫൻഡർ ടിമോ ഹ്യൂബേഴ്സിന് കൊറോണ രോഗം സ്ഥിരീകരിച്ചതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു. 23 കാരനായ താരത്തെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ടീമിലെ മറ്റ് താരങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കി. എംബാപ്പെയ്ക്ക് രോഗമില്ല ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുടെ സൂപ്പർ താരം കൈലിയാൻ എംബാപ്പെയ്ക്ക് രോഗമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതോടെ താരം പരിശീലനം പുനരാരംഭിച്ചതായും ഡോർട്ട് മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കുമെന്നും ക്ളബ് അധികൃതർ അറിയിച്ചു. ബംഗ്ളാദേശ് സ്ഥാപക നേതാവ് ഷേയ്ക്ക് മുജീബ് ഉർ റഹ്‌മാന്റെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് നടത്താനിരുന്ന ഏഷ്യൻ ഇവേനും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവച്ചതായി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. . ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചീഫ് എക്സിക്യൂട്ടീവുമാരുടെ നാലുദിവസത്തെ യോഗം മാറ്റിവച്ചു. നേരത്തെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗവും മാറ്റിവച്ചിരുന്നു. ആസ്ട്രേലിയൻ ഗ്രാൻപ്രീ ഫോർമുല വൺ കാർറേസിനെത്തിയ മൂന്ന് ടീമുകളുടെ താരങ്ങളെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കി. റേസ് മാറ്റിവയ്ക്കാൻ സാദ്ധ്യതയേറെയാണ്. . ഇന്ത്യ ഒാപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മാറ്റിവയ്ക്കില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. എന്നാൽ കാണികളെ പ്രവേശിപ്പിക്കുവാൻ സാദ്ധ്യതയില്ല. മൂന്ന് മാസത്തിന് ശേഷം യൂറോപ്പിലെ 12 നഗരങ്ങളിലായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന യൂറോകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സാദ്ധ്യതകൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ യുവേഫ സംഘാടക നഗരങ്ങൾക്ക് നിർദ്ദേശം നൽകി. യുവന്റസും ഒളിമ്പിക് ലിയോണും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം കാണികളെ പ്രവേശിപ്പിക്കാതെ നടത്താൻ തീരുമാനിച്ചു. സ്പാനിഷ് ഫുട്ബാൾ ലീഗിൽ റയൽ സോസിഡാഡും എയ്ബറും തമ്മിലുള്ള മത്സരം കാണികളില്ലാതെയാണ് നടത്തിയത്.