തിരുവനന്തപുരം: സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് കഴിഞ്ഞയാഴ്ച മാറ്റിയ വി.ആർ. പ്രേംകുമാറിനെ കുറച്ചുകൂടി ഉയർന്ന തസ്തികയായ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായി നിയമിക്കാൻ ഇന്നലെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പ്രേംകുമാറിനെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചെങ്കിലും വിവാദമുയർന്നതിനെ തുടർന്ന് ഇതടക്കമുള്ള സ്ഥലംമാറ്റങ്ങളുടെ ഉത്തരവ് ഇറക്കിയിരുന്നില്ല. അവധിയിലായിരുന്ന ചീഫ്സെക്രട്ടറി ചൊവ്വാഴ്ച മടങ്ങിയെത്തിയ ശേഷം ഉത്തരവ് ഇറക്കുകയും ചെയ്തു.
തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായ പ്രേംകുമാറിനെ താനറിയാതെ മാറ്റിയതിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണു പ്രതിഷേധവുമായി രംഗത്തെത്തി. ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥർ പ്രതിഷേധത്തിൽ പങ്കുചേരുകയും ചെയ്തതോടെ വിവാദമായി. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കൂടി വിമർശിക്കുന്ന തരത്തിലുള്ള കുറിപ്പുകൾ വേണു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഐ.എ.എസ് അസോസിയേഷൻ സർക്കാർ നടപടിക്കെതിരെ പ്രമേയവും പാസാക്കി. വേണുവിനൊപ്പം അവധിയെടുക്കുമെന്ന് ഏതാനും ഐ.എ.എസുകാരും പ്രഖ്യാപിച്ചു.
ചീഫ്സെക്രട്ടറി ടോം ജോസ് ചൊവ്വാഴ്ച മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രിയുമായും റവന്യുമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഉത്തരവിറക്കിയത്. മന്ത്രിസഭ തീരുമാനിച്ച സ്ഥാനമാറ്റത്തിന്റെ ഉത്തരവിറക്കിയില്ലെങ്കിൽ ഐ.എ.എസ് ലോബിയുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയെന്ന വ്യാഖ്യാനത്തിന് ഇടവരുത്തുമെന്ന അഭിപ്രായം മുഖ്യമന്ത്രിയടക്കമുള്ളവരിലുണ്ടായി. ഇതാണ് വേണു എതിർത്തിട്ടും തീരുമാനവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.
വേണുവിന് രണ്ട്
ദിവസത്തെ അവധി
പ്രേംകുമാറിനെ നിലനിറുത്തിയില്ലെങ്കിൽ അവധിയിൽ പോകുമെന്നായിരുന്നു ഡോ.വേണുവിന്റെ പ്രഖ്യാപനം. ഇന്നലെ പക്ഷേ മന്ത്രിസഭായോഗത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തർക്കമൊന്നും കാര്യമായി ചർച്ചയായില്ലെന്നാണ് സൂചന. പ്രതിഷേധത്തിലുള്ള വേണു ഇന്നലെ ഉച്ചയോടെ ചീഫ് സെക്രട്ടറിയെ കണ്ട് അവധിയപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസത്തെ അവധി മാത്രമാണ് അനുവദിച്ചത്. ദീർഘമായ അവധിയിലേക്ക് അദ്ദേഹം പിന്നീട് പോയേക്കുമെന്ന സൂചനയുണ്ട്. നിയമസഭാ സമ്മേളനം തീരുന്ന മുറയ്ക്ക് വേണുവിനെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് റീബിൽഡ് കേരള സി.ഇ.ഒ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്നും അറിയുന്നു.