തിരുവനന്തപുരം: കൊറോണ ബാധയ്ക്കെതിരെ മുൻകരുതലെന്ന നിലയിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ.ബാബു നിർദ്ദേശിച്ച താത്കാലിക നിയന്ത്രണങ്ങൾ കോടതികളിൽ നടപ്പാക്കി. അഡീഷണൽ ജില്ലാ കോടതികളും അസിസ്റ്റന്റ് സെഷൻസ് കോടതികളും മുൻസിഫ്-മജിസ്ട്രേറ്റ് കോടതികളും ജില്ലാ ജഡ്ജിയുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചു. അതേസമയം ആറാം അഡീഷണൽ ജില്ലാ ജഡ്ജി ജോസ്.എൻ.സിറിൽ വെള്ളറട ആറ്റുകുഴി സ്വദേശി പ്രവീൺ കൊല്ലപ്പെട്ട കേസിന്റെ വിചാരണ പതിവു പോലെ നടത്തി. ഏഴാം അഡീഷണൽ ജില്ലാ ജഡ്‌ജി എൽ.ജയന്ദ് ലാൽ ഹാഷിഷ് കടത്തുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയും പതിവു പോലെ വെെകിട്ട് അഞ്ച് മണിയ്ക്കാണ് പൂർത്തിയാക്കിയത്. മറ്റ് കോടതികൾ കേസ് വിളിച്ച് വിചാരണ തീയതി മാറ്റുന്ന നടപടി ക്രമങ്ങളാണ് ഇന്നലെ നടത്തിയത്. റെഗുലർ സിറ്റിംഗ് ഇല്ലെന്ന ജില്ലാ ജഡ്ജിയുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ പല കോടതികളിലും അഭിഭാഷകർ പോലും ഹാജരായില്ല. കൊറോണ ഭീതിയെ തുടർ‌ന്ന് നാളെ വരെയാണ് കോടതികളിൽ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുളളത്.