state-statistical-commiss
STATE STATISTICAL COMMISSION

തിരുവനന്തപുരം: സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിന്റെ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിൽ കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം, ധനകാര്യം മുതലായ രംഗങ്ങളിലെ സ്ഥിതിവിവരക്കണക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനാണിത്.

ദേശീയതലത്തിൽ ആഭ്യന്തര വരുമാനത്തിന്റെ ത്രൈമാസ കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ സംസ്ഥാനത്ത് ആഭ്യന്തര വരുമാനത്തിന്റെ കൃത്യമായ കണക്ക് ലഭിക്കാൻ രണ്ടുവർഷമെടുക്കുന്ന സ്ഥിതിയുണ്ട്. കേരളത്തിലെ നിക്ഷേപത്തിന്റെ തോത്, സ്വകാര്യ ഉപഭോക്തൃ ചെലവ്, സംസ്ഥാന വരുമാനത്തിന്റെ വിനിയോഗം എന്നിവ കണക്കാക്കപ്പെടുന്നുമില്ല. ഇതുകാരണം സർക്കാർ തലത്തിൽ നയരൂപീകരണത്തിനും ഗവേഷകർക്ക് വിശകലനത്തിനും പ്രയാസം നേരിടുന്നുണ്ട്. ഇതൊഴിവാക്കാനും കൂടിയാണ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ രൂപീകരിക്കുന്നത്.

ദേശീയ സ്ഥിതിവിവര കമ്മിഷന്റെ മുൻ ആക്ടിംഗ് ചെയർമാൻ പി.സി. മോഹനനെ കമ്മിഷൻ ചെയർമാനായി നിയമിക്കും. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് മുൻ ഡയറക്ടർ മീരാ സാഹിബ് കമ്മിഷനിലെ മുഴുവൻ സമയ അംഗവും ബാംഗ്ലൂർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ് ഇൻസ്റ്റിറ്റ്യൂട്ട് വകുപ്പ് മേധാവി ഡോ. മധുര സ്വാമിനാഥൻ, ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റൂറൽ ഡെവലപ്മെന്റിലെ ഫാക്കൽറ്റി അംഗം ഡോ. വി. സുർജിത്ത് വിക്രമൻ എന്നിവർ പാർട് ടൈം അംഗങ്ങളുമായിരിക്കും. മൂന്നു വർഷമാണ് കമ്മിഷന്റെ കാലാവധി.

പക്ഷിപ്പനി: കർഷകർക്ക് നഷ്ടപരിഹാരം

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി മൂലം കോഴികൾ ചാവുകയും കുറേയെണ്ണത്തിനെ കൊല്ലേണ്ടിവരികയും ചെയ്തതിന് ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. രണ്ട് മാസത്തിലധികം പ്രായമായ പക്ഷികൾക്ക് 200 രൂപ വീതവും രണ്ടുമാസത്തിൽ താഴെയുള്ള പക്ഷികൾക്ക് 100 രൂപ വീതവും അനുവദിക്കും. രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും.

സംസ്ഥാന യുവജനക്ഷേമ ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളപരിഷ്കരണം അനുവദിക്കും.

കേരള പ്രവാസി കേരളീയ ക്ഷേമബോർഡിലെ ഉദ്യോഗസ്ഥരുടെ നിയമനം പി.എസ്.സി മുഖേന നടത്തുന്നതിന് ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തും.