പോത്തൻകോട്: എം.സി റോഡിലെ വാഹനാപകടങ്ങൾ കുറയ്‌ക്കാൻ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കഴക്കൂട്ടം - അടൂർ മാതൃകാ സുരക്ഷാ റോഡ് പദ്ധതി അന്തിമഘട്ടത്തിൽ. 2016 ഡിസംബറിൽ നിർമ്മാണം ആരംഭിച്ച പദ്ധതി 16 മാസത്തിനുള്ളിൽ പൂർത്തികരിക്കാനായിരുന്നു തീരുമാനമെങ്കിലും ചില സാങ്കേതിക കാരണങ്ങളും ആദ്യം കരാറെടുത്ത കമ്പനികളുടെ പിന്മാറ്റവും പദ്ധതി നീളുന്നതിന് കാരണമായി. പൊതുമരാമത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിനാണ് ( കെ.എസ്.ടി.പി ) പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐ.ആർ.സി ) പ്രകാരമുള്ള ആധുനിക റോഡ് മാർക്കിംഗ്, സുരക്ഷാ സ്റ്റഡുകൾ സ്ഥാപിക്കൽ തുടങ്ങിയ സുരക്ഷയ്‌ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. ഓസ്‌ട്രേലിയൻ കമ്പനിയായ വിക്റോഡ്‌സ് എന്ന സ്ഥാപനമാണ്. സുരക്ഷാ കോറിഡോർ കടന്നുപോകുന്ന മൂന്നു ജില്ലകളിൽ ഓരോ കിലോമീറ്റർ റോഡ് പ്ലാസ്റ്റിക് മിശ്രിതം ഉപയോഗിച്ചുള്ള ടാറിംഗാണ് നടത്തിയത്. നിർമ്മാണം പൂർത്തിയാകുന്ന റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്ത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. നവീകരണം പൂർത്തിയായി 6 വർഷം വരെ പരിപാലന ചുമതലയും കരാറെടുത്ത കമ്പനികൾക്കാണ്. പദ്ധതി വിഹിതത്തിന്റെ 56 ശതമാനം ലോകബാങ്കും 44 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്.
പദ്ധതിയിൽ നടപ്പാക്കിയത്
------------------------------------------------
ഓടകൾ നവീകരിച്ചു
ഫുട്പാത്തുകൾ നിർമ്മിച്ചു
കൈവരികൾ ഒരുക്കി
പദ്ധതിയിൽ നടപ്പാക്കുന്നത്
--------------------------------------
ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐ.ആർ.സി ) പ്രകാരമുള്ള ആധുനിക റോഡ് മാർക്കിംഗ്, ഫുട്പാത്തുകളുടെയും കലിങ്കുകളുടെയും പുനർനിർമ്മാണം, നിലവിലെ ഓടകളുടെ നവീകരണം, ഓടകളുടെ നിർമ്മാണം, കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കൽ, റോഡ് കൈവരികളുടെ നിർമ്മാണം, മെറ്റൽ ബീം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കൽ, അത്യാധുനിക സിഗ്നൽ സംവിധാനം, ദിശാസൂചക ബോർഡുകൾ തുടങ്ങിയവയാണ് മാതൃകാ സുരക്ഷാ റോഡ് പദ്ധതിയിൽപ്പെടുന്നത്
കഴക്കൂട്ടം മുതൽ തൈക്കാട് വരെ - 12 കിലോമീറ്റർ റോഡ്
തൈക്കാട് മുതൽ അടൂർ വരെ - 78 .65 കിലോമീറ്റർ റോഡും
പദ്ധതിത്തുക - 146 .67 കോടി
റോഡ് സേഫ്ടിക്ക് മാത്രം 65 കോടി
നവീകരണം നടക്കുന്നത് - 28 ജംഗ്ഷനുകളിൽ
ക്യാപ്‌ഷൻ : മാതൃക സുരക്ഷാ റോഡ്