അമ്മാൻ : ജോർദാനിൽ നടക്കുന്ന ഏഷ്യൻ യോഗ്യതാ മത്സരത്തിൽ ആസ്ട്രേലിയൻ താരം ഹാരിസൺ ഗാർസൈഡിനെബോക്സ് ഒാഫ് മത്സരത്തിൽ ഇടിച്ചുവീഴ്ത്തിയ ഇന്ത്യയുടെ മനീഷ് കൗശിക്ക് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി.
കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ ഹാരിസണെ 4-1 നാണ് മനീഷ് കീഴടക്കിയത്. ഹാരിസണിന്റെ മുഖത്തുനിന്ന് ചോര വാർന്നൊഴുകിയ നിലയിലാണ് മത്സരം അവസാനിച്ചത്. മനീഷിന്റെ വാരിയെല്ലിനും പരിക്കേറ്റു. കോമൺവെൽത്ത് ഗെയിംസിന്റെ ഫൈനലിൽ മനീഷിനെ തോൽപ്പിച്ചാണ് ഹാരിസൺ സ്വർണം നേടിയിരുന്നത്. മനീഷും ഹാരിസണും ക്വാർട്ടർ ഫൈനലിൽ തോറ്റതോടെയാണ് ഒളിമ്പിക് യോഗ്യതക്കാരനെ കണ്ടെത്താൻ ബോക്സ് ഒാഫ് മത്സരം വേണ്ടിവന്നത്.
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാണ് മനീഷ്. ഒരു ഒളിമ്പിക്സിന് ഇത്രയേറെ ഇന്ത്യൻ താരങ്ങൾ യോഗ്യത നേടുന്നത് ആദ്യമായാണ്.