ബെർലിൻ : രണ്ടാംപാദ പ്രീക്വാർട്ടർ ഫൈനലിലും തകർപ്പൻ വിജയങ്ങൾ നേടിയ ജർമ്മൻ ക്ളബ് ആർ.ബി. ലെയ്പ്സിഗും ഇറ്റാലിയൻ ക്ളബ് അറ്റലാന്റയും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തി.
ലെയ്പ്സിഗ് ഇംഗ്ളീഷ് ക്ളബ് ടോട്ടൻ ഹാമിനെ 3-0ത്തിനാണ് തകർത്തത്. ഹൊസെ മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടൻഹാമിനെതിരെ ആദ്യപാദത്തിൽ ലെയ്പ്സിഗ് 1-0 ത്തിന് ജയിച്ചിരുന്നു.രണ്ടാംപാദത്തിൽ ലെയ്പ്സിഗിനായി സാബിറ്റ്സർ ഇരട്ട ഗോളുകൾ നേടി. ഫോസ്ബെർഗ് ഒരു ഗോളടിച്ചു.
ആദ്യപാദത്തിൽ അറ്റലാന്റയോട് 1-4ന് തോറ്റിരുന്ന വലൻസിയ രണ്ടാംപാദത്തിൽ പൊരുതിയെങ്കിലും 3-4ന്റെ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. അറ്റലാന്റയ്ക്കുവേണ്ടി നാല് ഗോളുകളും നേടിയത് ജോസിപ് ലിച്ചിച്ചാണ്. മൂന്നാം മിനിട്ടിലും 43-ാം മിനിട്ടിലും പെനാൽറ്റിയിലൂടെ സ്കോർ ചെയ്ത ലിച്ചിച്ച് 71-ാം മിനിട്ടിലും 82-ാം മിനിട്ടിലും വലൻസിയയുടെ വല കുലുക്കി. 21-ാം മിനിട്ടിലും 51-ാം മിനിട്ടിലും ഗമേയ്റോയും 67-ാം മിനിട്ടിൽ ഫെറാൻ ടോറസുമാണ് വലൻസിയയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.