kpcc

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിക്കതിരെ ഇന്നലെ ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗത്തിൽ സംഘടിത വിമർശനം. സമിതി ഇനി ആവശ്യമില്ലെന്നും, പിരിച്ചുവിടണമെന്നും പലരും ആവശ്യപ്പെട്ടു.

എന്നാൽ, കോൺഗ്രസ് അദ്ധ്യക്ഷ രൂപം നൽകിയ സമിതിയെ ഇവിടെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്നും ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞ് എം.എം. ഹസനും പി.സി. വിഷ്ണുനാഥും വിമർശനങ്ങളെ പ്രതിരോധിച്ചു. ഇതേച്ചൊല്ലി കടുത്ത വാക്പോരാണ് യോഗത്തിലുയർന്നത്. കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ തനിക്കെതിരെ ബോധപൂർവ്വമായ ആക്രമണമുണ്ടായെന്ന വികാരം പേറുന്ന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , കഴിഞ്ഞ എട്ടിന് ചേരാനിരുന്ന സമിതി യോഗം മാറ്റിവച്ചതും വിവാദമായിരുന്നു.

വിമർശനങ്ങളോട് അസഹിഷ്ണുത വേണ്ടെന്നും ,താൻ പ്രസിഡന്റായിരിക്കെ കെ.പി.സി.സി യോഗത്തിൽ നടന്ന ചർച്ചകൾ ലൈവായാണ് പുറത്തുവന്നിരുന്നതെന്നും വി.എം. സുധീരൻ പറഞ്ഞു. സുധീരനെതിരെ എം.എം. ഹസൻ എന്നൊക്കെയായിരുന്ന വാർത്തകൾ. ഇപ്പോൾ പിറ്റേന്നാണ് വാർത്ത വന്നതെന്നെങ്കിലും മുല്ലപ്പള്ളിക്ക് ആശ്വസിക്കാം. പാർട്ടി പുന:സംഘടനയിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും ഗ്രൂപ്പ് വീതംവയ്പായാലും കഴിവുള്ളവരെ പരിഗണിക്കണമെന്നും സുധീരൻ പറഞ്ഞു.

പിച്ചി, മാന്തി തുടങ്ങി കൊച്ചുകുട്ടികൾ പറയുന്നത് പോലുള്ള തർക്കങ്ങളാണ് രാഷ്ട്രീയകാര്യ സമിതിയിൽ നടക്കുന്നതെന്നും ,അതൊക്കെ മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയാണെന്നും സി.പി. മുഹമ്മദ്, കെ.പി. അനിൽകുമാർ, പഴകുളം മധു, ശൂരനാട് രാജശേഖരൻ തുടങ്ങിയവർ പറഞ്ഞു. പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ സമിതി അന്നത്തെ പ്രത്യേക സാഹചര്യത്തിൽ പാർട്ടി-സർക്കാർ ഏകോപനത്തിനായി രൂപീകരിച്ചതാണെന്നും അവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയകാര്യ സമിതിയിലുള്ളത് പ്രവർത്തകർ ദൈവതുല്യരായി കാണുന്ന നേതാക്കളാണെന്നും, അവർ വീഴ്ച വരുത്തിയാൽ സഹിക്കില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കെ.പി.സി.സി എക്സിക്യൂട്ടീവ് എത്രയും വേഗം രൂപീകരിക്കണമെന്ന് തമ്പാനൂർ രവി പറഞ്ഞു.അനാവശ്യഭീതി സൃഷ്ടിച്ച് രക്ഷകരാകുന്ന സംസ്ഥാന സർക്കാരിന്റെ രീതിയെ ജാഗ്രതയോടെ സമീപിക്കണമെന്ന് നിപ, കൊറോണ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ ഗണ്യമായ കുറവുണ്ടാകുന്നത് ഗൗരവമായി പരിശോധിക്കണമെന്ന് എൻ. സുബ്രഹ്മണ്യൻ പറഞ്ഞു.

ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ പുന:സംഘടന വേഗത്തിലാക്കുക, സംഘടനാപ്രശ്നങ്ങളുള്ള ജില്ലകളിൽ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി പരിഹാരം കാണുക, ഡി.സി.സി അദ്ധ്യക്ഷരുടെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക തുടങ്ങിയ തീരുമാനങ്ങളെടുത്താണ് യോഗം അവസാനിച്ചത്.