തിരുവനന്തപുരം: കരമന കളിയിക്കാവിള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പ്രാവച്ചമ്പലം കൊടിനട റോഡിന്റെ വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത രീതിയിൽ നിർമ്മാണം നടത്തുന്നത് നിറുത്തിവയ്‌ക്കണമെന്നും സ്ഥാപിച്ച കരിങ്കൽഭിത്തി പൊളിക്കണമെന്നും വ്യാപാരി വ്യവസിയി ഏകോപന സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇല്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഇവർ അറിയിച്ചു. അളന്ന് കല്ലിട്ടിരിക്കുന്ന ഭൂമി നിയമാനുസരണം വിട്ടുകൊടുക്കുന്നതിന് വ്യാപാരികൾ തയ്യാറാണ്. അതെടുക്കാതെ അനധികൃതമായി നിർമ്മാണം നടത്തിയാൽ ശക്തമായ ചെറുത്ത് നില്പും സമര പരിപാടികളും നടത്തുമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ, ജില്ലാ വൈസ് പ്രസിഡന്റും നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റുമായ വെള്ളറട രാജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. ബഷീർ, ജില്ലാ സെക്രട്ടറി ഷിറാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.