തൃക്കാക്കര (കൊച്ചി): പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പേരിൽ ഭരണ, പ്രതിപക്ഷ വാക്പോര് കനക്കുന്നതിനിടെ ക്രൈംബ്രാഞ്ച് അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നു. കേസിന്റെ വ്യാപ്തി കൂടുതലാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദ് ദുരിതാശ്വാസ ഫണ്ട് കൂടുതൽപേരിലേക്ക് വകമാറ്റിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എറണാകുളം ജില്ലാ കളക്ടറേറ്റിലെ ഒരു വനിതാ ജീവനക്കാരി ഉൾപ്പെടെ രണ്ട് താൽക്കാലിക ജീവനക്കാരുടെ അക്കൗണ്ടിലേക്കും പണം കൈമാറിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വിഷ്ണു പ്രസാദുമായി അടുപ്പമുള്ള കളക്ടറേറ്റിലെ ജീവനക്കാർ, സുഹൃത്തുക്കൾ എന്നിവരിലേക്ക് അന്വേഷണം നീട്ടാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. അതേസമയം, വിഷ്ണു പ്രസാദ് സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് പൊളിഞ്ഞു ഫയൽ പരിശോധയിൽ
പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുന്നതിനിടയിലാണ് വിഷ്ണു പ്രസാദിന്റെ സുഹൃത്തുക്കളായ രണ്ട് താൽക്കാലിക ജീവനക്കാരുടെ അക്കൗണ്ടിലേക്കും പണം പോയിട്ടുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. 2019 ൽ കളക്ടറേറ്റിലെ കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (കെ.എസ്.ഡബ്ല്യൂ.എ.എൻ) വിഭാഗത്തിൽ മുൻ താൽക്കാലിക ജീവനക്കാരനായിരുന്ന പിറവം സ്വദേശി രതീഷ് കുമാറിന്റെ അക്കൗണ്ടിലേക്കും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ (എൻ.ഐ.സി) വനിതാ ജീവനക്കാരി ചിഞ്ചു എന്നിവർക്കുമാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും 1,60,000 രൂപ കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
താൻ സഹോദരിയുടെ വിവാഹത്തിനായി വിഷ്ണുവിനോട് ഒരുലക്ഷം രൂപ വായ്പ ചോദിച്ചതാണെന്ന് രതീഷ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകി. വിവാഹത്തിന് 20,000 രൂപ ജീവനക്കാരിൽ നിന്നും പിരിച്ചെന്നും അത് കുറച്ച് 80,000 രൂപ വിഷ്ണു മടക്കിവാങ്ങിയതായും രതീഷ് പറഞ്ഞു. വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ സംഭവം സത്യമാണെന്ന് കണ്ടെത്തി.
എൻ.ഐ.സി മുൻ ജീവനക്കാരിയുടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്മക്ക് ധനസഹായത്തിനായി വിഷ്ണു 60.000 രൂപ ട്രഷറിയിൽ നിന്നും ജീവനക്കാരിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായാണ് കണ്ടെത്തിയത്.എന്നാൽ ചികിത്സ സഹായത്തിനായി ജീവനക്കാരിൽ നിന്നും പിരിച്ചതാണെന്നാണ് വിഷ്ണു പറഞ്ഞതായി യുവതി മൊഴി നൽകിയിട്ടുള്ളത്.ഇതിന്റെ പേരിൽ ജീവനക്കാരിൽ നിന്നും വിഷ്ണു 45,000 രൂപ പിരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കസ്റ്റഡിയിൽ വാങ്ങും
കേസിലെ പ്രധാന പ്രതികളായ വിഷ്ണുപ്രസാദിനെയും,മഹേഷിനെയും കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമുള്ളതിനാൽ ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. അതേസമയം, തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗമായ എം.എം.അൻവർ, അൻവറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ കൗലത്ത്, രണ്ടാംപ്രതി മഹേഷിന്റെ ഭാര്യ നീതു എന്നിവർ ഇപ്പോഴും ഒളിവിലാണ്.
തട്ടിപ്പ് ഇങ്ങനെ
2018ലെ പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം കളക്ടറേറ്റ് ജീവനക്കാരൻ കാക്കനാട്ടെ സി.പി.എം പ്രാദേശിക നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കേസ്. ദുരിതബാധിതർക്ക് പണം അനുവദിച്ചതിൽ ഇരട്ടിപ്പ് കണ്ടെത്തി തിരിച്ചുപിടിച്ച തുകയാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ തിരിച്ചു പിടിച്ച പണമാണ് ദുരിതാശ്വാസ അക്കൗണ്ടിലേക്ക് തിരികെ മാറ്റാതെ തട്ടിപ്പ് നടത്തിയത്. പ്രളയ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ പോലും നൽകാത്ത സി.പി.എം. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം. അൻവറിന്റെ അക്കൗണ്ടിലേക്ക് ദുരിതാശ്വാസ സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദാണ് അഞ്ചു തവണയായി 10.54 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇത് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കളക്ടർ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.
2019 മാർച്ച് മാസത്തിൽ 325 ദുരിതബാധിതർക്ക് പണം അനുവദിച്ചതിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. ഈ തുക ജില്ലാ ഭരണകൂടം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. തുക ട്രഷറി അക്കൗണ്ടിലേക്കെത്തിയെങ്കിലും തുടർ ഇടപാടുകൾ ഒഴിവാക്കുന്നതിനായി തുക മരവിപ്പിക്കുകയോ, ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചെടുക്കുകയോ ചെയ്തിരുന്നില്ല. ഈ വിവരം ഫയലുകളിൽ പ്രളയ ദുരിതാശ്വാസ സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദ് രേഖപ്പെടുത്തുകയും ചെയ്തില്ല. ഫലത്തിൽ രേഖകളിൽ പെടാത്ത പണത്തിൽ നിന്നാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. സാമ്പത്തിക സഹായം നൽകുന്ന സംവിധാനത്തിലെ പിഴവ് മനസ്സിലാക്കിയാണ് വിഷ്ണുപ്രസാദ് പണം തിരിമറി നടത്തിയത്. സഹകരണ ബാങ്കിന്റെ അക്കൗണ്ടിൽ 10,54,000 രൂപയുടെ സംശയാസ്പദമായ അഞ്ച് ഇടപാടുകൾ സംബന്ധിച്ച് ഫെബ്രുവരി രണ്ടിനാണ് കളക്ടർക്ക് വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ അതീവ രഹസ്യമായി അന്വേഷണമാണ് വഴിത്തിരിവായത്.