corona

ബീജിംഗ്: ലോക രാജ്യങ്ങൾ പലതും ഭീതിയിൽ കഴിയുമ്പോൾ കൊറോണയുടെ പ്രഭവ കേന്ദ്രമെന്നുകരുതുന്ന ചൈന, വൈറസിനെ ഏറക്കുറെ പിടിച്ചുകെട്ടിയതിൽ ആശ്വസിക്കുകയാണ്. കൊറോണ വൈറസിനെ തിരിച്ചറിയാൻ വൈകിയതുമൂലം മൂവായിരത്തിലേറെ ജീവനുകളാണ് ചൈനയ്ക്ക് നഷ്ടമായത്. തുടർന്നാണ് അതിനെ കൺട്രോളിലാക്കാനുള്ള 'തന്ത്രം' ചൈന പുറത്തെടുത്തത്. പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണം വളരെക്കുറഞ്ഞു. കൊറോണ പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന വുഹാനിലടക്കം സ്ഥാപിച്ചിരുന്ന താത്കാലിക ആശുപത്രികളെല്ലാം കഴിഞ്ഞദിവസം പ്രവർത്തനം അവസാനിപ്പിച്ചു.ഇൗ മഹാമാരിയെ പിടിച്ചുകെട്ടാൻ ഡ്രോണുകൾ, യന്ത്രമനുഷ്യർ എന്നിവ ഉൾപ്പെടെ പുത്തൻ സാങ്കേതിക വിദ്യയുടെ പൂർണസഹായം ചൈന പ്രയോജനപ്പെടുത്തി. അതിലൂടെ കൂടുതൽപേരിലേക്ക് വൈറസ് ബാധിക്കുന്നത് തടയാനായി. കൊറോണ വരച്ചവരയിൽ നിറുത്താൻ ദക്ഷിണ കൊറിയയ്ക്കും ചില സഹായങ്ങൾ ചൈന ചെയ്തു.

എല്ലാം ചെയ്തത് അവരാണ്

ദക്ഷിണകൊറിയയിൽ അണുനശീകരണത്തിനുള്ള മരുന്നുകൾ തളിക്കുന്നത് ഡ്രോണുകൾ ഉപയോഗിച്ചാണ്. ഇൗ ഡ്രോണുകൾ നിർമ്മിച്ചതാകട്ടെ ചൈനയും. ഷെൻസൻ മൈക്രോമൾട്ടി കോപ്റ്ററാണ് (എം.എം.സി) ഇരുരാജ്യങ്ങളിലും ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ ചൈനീസ് കമ്പനി തങ്ങളുടെ കോപ്റ്ററുകളും 200 പേരെയും കൊറോണയെ നേരിടാൻ ചൈനീസ് സർക്കാരിനുവിട്ടു നൽകിയിരുന്നു. മരുന്നുതളിക്കൊപ്പം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ഇൗ ഡ്രോണുകളെയാണ് ചൈന പ്രയോജനപ്പെടുത്തിയത്. പ്രദേശത്തുള്ള മുഴുവൻ അണുക്കളെയും ഒറ്റയടിക്ക് നശിപ്പിക്കാനാണ് മരുന്നുതളി ഡ്രോണുകളെ ഏൽപ്പിച്ചത്. ദിവസം ഒരു ഡ്രോണിന് 600,000- 700,000 ചതുരശ്ര മീറ്ററിൽ മരുന്നു തളിക്കാനാവും. മനുഷ്യരെ ഉപയോഗിക്കുകയാണെങ്കിൽ ഇത്രയും സ്ഥലത്ത് മരുന്നുതളിക്കാൻ കുറഞ്ഞത് 100 പേരെങ്കിലും വേണ്ടിവരും. വളരെ കൃത്യമായി മരുന്നു തളിക്കാമെന്നതിനാൽ മരുന്നിന്റെ അളവും അഞ്ചിലൊന്നായി കുറയ്ക്കാൻ പറ്റും. ദക്ഷിണകൊറിയയിൽ കർഷകരും പട്ടാളക്കാരും അവരുടെ സ്വന്തം ഡ്രോണുകൾ ഉപയോഗിച്ചും മരുന്നുതളി നടത്തുന്നുണ്ട്.

ഒട്ടുമിക്ക സ്ഥലങ്ങളിലും ഡ്രോൺ തന്നെയാണ് അണുനാശിനി തളിക്കുന്നത്. എന്നാൽ, ഏതെങ്കിലും വിധത്തിൽ ഡ്രോണുകൾക്ക് എത്താൻ പറ്റിയില്ലെങ്കിൽ അവിടെ മരുന്നുതളിക്കുക റോബോട്ടുകളാവും. കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന റോബോട്ടുകളെയാണ് ഇതിനായി രംഗത്തിറക്കിയത്.ജെറ്റ് സ്പ്രേയർ ഉപയോഗിച്ചാണ് യന്തിരന്റെ മരുന്നു തളി. തീരെ ഇടുങ്ങിയ പ്രദേശങ്ങളിൽപോലും ഇവയ്ക്ക് കടന്നുചെല്ലാൻ കഴിയും.

പുറത്തിറങ്ങിയാൽ പൊക്കും

വൈറസ് ബാധിച്ചവർ മറ്റിടങ്ങളിലേക്ക് പോകുന്നത് തടയാനായി ദക്ഷിണകൊറിയ ഒരു ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. സെൽഫ് ക്വാറന്റീൻ സേഫ്ടി പ്രൊട്ടക്ഷൻ എന്നാണ് പേര്. ഏകദേശം 30,000 പേരെയാണ് ഇത് ട്രാക്ക് ചെയ്യുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പൂർണ വിശ്രമം വേണമെന്നുമാണ് വൈറസ് ബാധിതർക്ക് അധികൃതർ നൽകിയിരിക്കുന്ന കർശന നിർദ്ദേശം. അനുവദിച്ചിട്ടുള്ള മേഖലവിട്ട് ഇവരിലാരെങ്കിലും തങ്ങളുടെ ഫോണുമായി പുറത്തുപോയാൽ ആ നിമിഷം പൊലീസിന് വിവരം കിട്ടും. ഉടൻതന്നെ പൊക്കി അകത്താക്കും. രോഗം ഭേദമാകുന്ന മുറയ്ക്ക് ശിക്ഷണ നടപടികളുമുണ്ടാവും. ഇൗ ആപ്പിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഒരു പരിധിവരെ കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ.

അയാൾക്ക് പനിയുണ്ട്

പനിയുണ്ടോ എന്നറിയാൻ ഒരാളുടെ അടുത്തുപോകേണ്ട ആവശ്യമില്ല. ഒന്നുനോക്കിയാൽ മാത്രം മതി. പൊലീസിന്റെ പ്രത്യേക തെർമൽ കണ്ണടകളാണ് ഇതിന് സഹായിക്കുന്നത്. പെട്ടെന്നുതന്നെ പനിക്കാരെ കണ്ടെത്തി നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രത്യേകത. ഇതും ചൈനയുടെ സംഭാവനയാണത്രേ.പനി തിരിച്ചറിയാനുള്ള റോബോട്ടിനെ ചൈന ഉപയോഗിക്കുന്നുണ്ട്. ആൾക്കൂട്ടത്തിൽ നിന്ന് രോഗബാധിതരെ പെട്ടെന്ന് തിരിച്ചറിയാനാണിത്.

അപ്പോൾ ഉത്തരകൊറിയയിലോ?

ഉത്തരകൊറിയയിൽ ഇതുവരെ കൊറോണ എത്തിയിട്ടില്ലെന്നും ഒറ്റ കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, ഈ അവകാശവാദം തെറ്റാണെന്നും പറയപ്പെടുന്നു. കൊറോണമൂലം അവിടെ പട്ടാളക്കാർ മാത്രം ഇരൂനൂറോളം പേർ മരിച്ചുവെന്നാണ് ചില റിപ്പോർട്ടുകൾ. നൂറുകണക്കിന് ജനങ്ങളും മരിച്ചുവത്രേ. 4000ത്തോളം പേർ സമ്പർക്ക വിലക്കിലാണ്

ചൈനയുടെ തൊട്ടടുത്തുള്ളതും ഒട്ടും മികച്ചതല്ലാത്ത ആരോഗ്യ സംവിധാനങ്ങൾ ഉള്ളതുമായ ഉത്തരകൊറിയയിൽ ഒരൊറ്റ കൊറോണകേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഭരണകൂടത്തിന്റെ ശക്തമായ ഉരുക്കുമറഭേദിച്ച് വിവരങ്ങളൊന്നും പുറത്തുവരുന്നില്ലെന്ന് മാത്രം. എന്നാൽ, ജനങ്ങളെ സദാ നിരീക്ഷിക്കാനും രോഗബാധ തടയാനുമായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്നുമാണ് ഉത്തരകൊറിയ പറയുന്നത്.

ഉത്തരകൊറിയയിൽ ആദ്യമായി കൊറോണ ബാധിച്ചയാളെ വെടിവച്ചുകൊന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ചൈന സന്ദർശിച്ചശേഷം മടങ്ങിയെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരമായിരുന്നു കൊലപാതകം എന്നും രോഗം ബാധിച്ചവരോട് ഇതേരീതിയിൽ തന്നെയാണ് ഉത്തരകൊറിയ പെരുമാറുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഉത്തരകൊറിയ പറയുന്നത് പച്ചക്കള്ളമാണെന്നും രാജ്യത്ത് കൊറോണ ബാധിച്ച നിരവധിപേർ ഉണ്ടെന്നുമാണ് പലരോഗ രാജ്യങ്ങളും പറയുന്നത്. സ്ഥിതിഗതികൾ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അവർ പറയുന്നു.