cm-

തിരുവനന്തപുരം:കൊറോണയെ നേരിടാൻ ആശങ്കയല്ല, ജാഗ്രതയോടെയും പൗരബോധത്തോടെയുള്ള പെരുമാ​റ്റമാണ് ആവശ്യമെന്ന് ചട്ടം 300പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൊറോണ ആഗോളതലത്തിൽ ഗുരുതരമായ ആഘാതമാണു സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ കൃത്യമായ നടപടികളിലൂടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവും. ജനങ്ങളിൽ ശരിയായ അവബോധം സൃഷ്ടിക്കാനും നിയമസഭാംഗങ്ങൾ അടക്കമുള്ള പൊതുപ്രവർത്തകർ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിത്. ഇക്കാര്യത്തിൽ എല്ലാവരുടേയും സഹകരണവും ഒത്തൊരുമിച്ചുള്ള പ്രവർത്തനവും ഉണ്ടാകണം. എല്ലാ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുകയും ജനങ്ങൾ പരസ്പര ധാരണയോടെയും ജാഗ്രതയോടെയും സർക്കാർ നിർദ്ദേശങ്ങളോട് സഹകരിക്കുകയും വേണം. ഒന്നിച്ചു നിന്ന് നമുക്ക് ഈ പ്രതിസന്ധി തരണം ചെയ്യണം.

കൊറോണയ്ക്കെതിരെ

10 നടപടികൾ

1) വിദേശത്തു നിന്നെത്തുന്ന എല്ലാവരെയും വിമാനത്താവളങ്ങളിൽ പ്രാഥമിക പരിശോധന നടത്തും. ആശുപത്രിയിലോ, വീട്ടിലോ നിരീക്ഷണത്തിന് മാ​റ്റാൻ നടപടികൾ ഊർജ്ജിതമാക്കണം.

2)അടിയന്തര സാഹചര്യങ്ങളിൽ ഐസൊലേഷൻ സംവിധാനത്തിന് അനുയോജ്യമായ സ്ഥലവും ഭൗതികസാഹചര്യങ്ങളും എല്ലാ ജില്ലകളിലും കണ്ടെത്തി പ്രാഥമിക പരിശോധന നടത്തണം.

3)പ്രീപ്രൈമറി മുതൽ ഏഴാംക്ലാസ് വരെയുള്ള സ്കൂളുകളും മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകളും 31വരെ അടച്ചിടണം. ക്ലാസുകൾ പാടില്ല

4) മദ്റസകൾ, അങ്കണവാടികൾ, ട്യൂട്ടോറിയലുകൾ എന്നിവയും 31വരെ അടച്ചിടണം. അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണം വീടുകളിൽ എത്തിക്കണം. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കണം.

5) ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും പരിപാടികളും ഒഴിവാക്കണം. വിവാഹങ്ങൾ ലളിതമായി നടത്തണം. തിരക്കേറിയ ആരാധനാലയങ്ങളിൽ ദർശനം ഒഴിവാക്കണം.

6) സിനിമാശാലകൾ 31 വരെ അടച്ചിടണം. നാടകങ്ങളും, കലാസാംസ്‌കാരിക പരിപാടികളും സർക്കാരിന്റെ പൊതുപരിപാടികളും മാ​റ്റിവയ്ക്കണം.

7) എല്ലാ സർക്കാർ ഓഫീസുകളിലും രോഗബാധ നിയന്ത്റിക്കാനുള്ള മുൻകരുതലുകളെടുക്കും. രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്തും.

8) ഇന്റർനെറ്റിലൂടെ ബോധവത്കരണം ശക്തമാക്കും. ജനങ്ങൾക്ക് മുടക്കമില്ലാതെ ഇന്റർനെറ്റ് ലഭിക്കാൻ ഇലക്ട്രോണിക്സ്, ഐ.​ടി വകുപ്പ് നടപടിയെടുക്കണം.

9) കൊറോണ മൂലം മടങ്ങിപ്പോവാനാകാത്ത പ്രവാസികൾക്ക് ജോലി നഷ്ടപ്പെടാതിരിക്കാൻ എംബസികളുമായി ബന്ധപ്പെട്ട് നോർക്ക നടപടിയെടുക്കണം. പ്രവാസികളുടെ ആശങ്ക തീർക്കാൻ നോർക്ക കോൾസെന്റർ തുടങ്ങണം.

10)ആഗോള വ്യാവസായിക പ്രതിസന്ധി കാരണം മരുന്നുകൾക്കും അവശ്യവസ്തുക്കൾക്കുമുള്ള ക്ഷാമം പരിഹരിക്കാൻ വ്യവസായ വകുപ്പ് നടപടിയെടുക്കണം.