കൊറോണ എന്ന മഹാമാരിയെ നേരിടാൻ സംസ്ഥാന സർക്കാർ ഇതിനകം കൈക്കൊണ്ട നടപടികൾ അപര്യാപ്തമാണെന്ന് ശത്രുക്കൾ പോലും പറയുമെന്നു തോന്നുന്നില്ല. അത്രയ്‌ക്ക് ചടുലവും ഫലവത്തായുമാണ് ആരോഗ്യവകുപ്പും ബന്ധപ്പെട്ട മറ്റു വകുപ്പുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. രോഗം കൂടുതൽ സ്ഥലങ്ങളിലേക്കു പടരാതിരിക്കാനും രോഗം പിടിപെട്ടവർക്കു ആവശ്യമായ വിദഗ്ദ്ധ ചികിത്സയും പരിചരണവും നൽകാനും പരമാവധി ശ്രമിക്കുന്നുണ്ട്. രോഗബാധിതരുമായി അടുത്ത് ഇടപെട്ടിട്ടുണ്ടെന്ന് സംശയമുള്ള മുഴുവൻ പേരെയും തേടിപ്പിടിച്ച് നിരീക്ഷണത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിസാഹസികമായ ഒരു യത്നം തന്നെയാണിത്. കൊറോണ പ്രതിരോധരംഗത്ത് കേരളത്തിന്റെ മാതൃക ആഗോളതലത്തിൽ പ്രശംസയ്ക്കു പാത്രമായിട്ടുള്ളതാണ്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഇതിന്റെ പേരിൽ മുഴുവൻ ജനങ്ങളുടെയും ആദരവും പ്രശംസയും നേടിയിട്ടുമുണ്ട്. മനുഷ്യരുടെ വരുതിക്കതീതമായി വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഇതുപോലുള്ള ദുരന്ത സാഹചര്യങ്ങളിൽ സർക്കാർ കൈക്കൊള്ളുന്ന എല്ലാ നടപടികളെയും കലവറയില്ലാതെ പിന്തുണയ്ക്കുക എന്നതാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. രോഗപ്രതിരോധ നടപടികൾക്കിടെ ഉണ്ടാകാവുന്ന ചെറിയ ചെറിയ കുറ്റവും വീഴ്ചയും പെരുപ്പിച്ചുകാട്ടി സർക്കാരിനെ കുറ്റപ്പെടുത്താൻ മുതിരുന്നത് സംസ്കാരത്തിനു ചേർന്ന നടപടിയല്ല. സന്ദർഭത്തിന് ഒട്ടുംതന്നെ ചേർന്നതുമല്ല. എന്നിട്ടും നിയമസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം സർക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ കൊറോണ പ്രശ്നത്തിൽ വാളോങ്ങി. വിമാനത്താവളത്തിലെ പരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനു വലിയ തോതിൽ വീഴ്ച ഉണ്ടായെന്നാണ് വിമർശനം. എല്ലാം അടച്ചിട്ട് രോഗവ്യാപനം തടയുന്ന രീതിക്കു പകരം അമേരിക്കൻ മോഡൽ പരീക്ഷിക്കാത്തതെന്തെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചത്. നമ്മുടേതിനെക്കാൾ നൂറുമടങ്ങ് ശക്തമായ ആരോഗ്യസുരക്ഷാ സംവിധാനങ്ങൾ നിലവിലുള്ള അമേരിക്കയിൽ കൊറോണ ബാധിച്ച അൻപതിലേറെ പേർ ഇതിനകം മരണമടഞ്ഞ വിവരം അറിയാതെയാകാം അമേരിക്കൻ മോഡലിനു വേണ്ടി വാദിക്കുന്ന അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്താനൊരുങ്ങിയത്. അമേരിക്കയിലെന്ന പോലെ ഇവിടെയും രോഗലക്ഷണങ്ങളുള്ളവരെ അപ്പാടെ ആശുപത്രിയിലാക്കുകയല്ല ചെയ്യുന്നത്. ആരോഗ്യവകുപ്പ് ദിവസേന പ്രസിദ്ധീകരിക്കുന്ന കണക്കുകൾ തന്നെയാണ് അതിനു തെളിവ്. ബുധനാഴ്ച പുറത്തുവിട്ട കണക്കു പ്രകാരം ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 293 പേർ മാത്രമാണ്. വീടുകളിലാകട്ടെ 3020 പേരും. കൊറോണയുമായി ആദ്യം ചൈനയിൽ നിന്നെത്തിയ മൂന്നുപേരെ ചികിത്സിച്ചു സുഖപ്പെടുത്താനും രോഗവ്യാപനം അന്ന് പൂർണമായും തടയാനും സാധിച്ചത് ആരോഗ്യവകുപ്പിന്റെ സ്തുത്യർഹമായ പ്രവർത്തനഫലമായിട്ടാണ്.
നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ അംഗീകരിക്കാനും പിന്തുണ നൽകാനും കഴിയണം. പ്രതിപക്ഷത്തായിപ്പോയതുകൊണ്ട് അതു പാടില്ലെന്നു കരുതരുത്. സംസ്ഥാനം മാത്രമല്ല രാജ്യവും ലോകവും വലിയൊരു ആരോഗ്യപ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ എങ്ങനെയെല്ലാം ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനാകുമെന്നാണ് എല്ലാ രാഷ്ട്രീയകക്ഷികളും നോക്കേണ്ടത്. ദേഹമനങ്ങാതെയിരുന്ന് വിമർശിക്കാനും സർക്കാരിന്റെ ചെയ്തികളിൽ പോരായ്മകൾ കണ്ടെത്താനും വിഷമമൊന്നുമില്ല. എന്നാൽ അതുകേട്ട് കൈയടിക്കാൻ അധികം പേരെ കിട്ടുകയില്ലെന്നു മാത്രം.
കൊച്ചി വിമാനത്താവളം വഴി റാന്നിക്കാരായ ദമ്പതികൾ പുറത്തിറങ്ങി നാടു മുഴുവൻ നടന്ന് കൊറോണ ഭീതി പരത്തിയ സംഭവമാണ് പ്രതിപക്ഷക്കാർ നിയമസഭയിൽ ആരോഗ്യവകുപ്പിനെതിരെ ആയുധമാക്കിയത്. സംസ്ഥാനത്തെ ഒന്നാകെ രോഗഭീതിയിലാഴ്‌ത്തിയ സംഭവം തന്നെയാണിത്. കൊറോണ ബാധയുള്ള ഇറ്റലിയിൽ നിന്നാണ് തങ്ങൾ വരുന്നതെന്ന വിവരം വെളിപ്പെടുത്താതെയാണ് ദമ്പതികൾ അധികൃതർ മുമ്പാകെ പരിശോധനയ്ക്കു നിന്നത്. പുറത്തിറങ്ങി വലിയ തോതിൽ മറ്റ് ആൾക്കാരുമായി ഇടപെടുകയും ചെയ്തു. വിവരം അറിഞ്ഞ മാത്രയിൽ സർക്കാർ ആവുന്നത്ര പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു മാത്രമാണ് ഇന്നത്തെ രൂപത്തിലെങ്കിലും രോഗവ്യാപനം നിയന്ത്രിക്കാനായതെന്ന യാഥാർത്ഥ്യം അംഗീകരിക്കുക തന്നെ വേണം.
നിയമസഭയിൽ ബഹളം കൂട്ടി ജനശ്രദ്ധ നേടാൻ പറ്റുന്ന വിഷയങ്ങൾ വേറെ എത്രയെണ്ണം കിടക്കുന്നു. കൊറോണയുടെ പേരിൽ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്ന സദുദ്യമങ്ങൾ കുറച്ചു കാണാൻ ശ്രമിക്കുന്നത് വിലകുറഞ്ഞ നടപടിയാണ്. ജനങ്ങളുടെ ആശങ്കയാണ് തങ്ങൾ സഭയിൽ പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞുകേട്ടു. ശരിയായിരിക്കാം. ജനങ്ങളുടെ ഏക പ്രാർത്ഥന രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കരുതേ എന്നും ഇതിനകം രോഗം പിടിപെട്ടവർ എത്രയും വേഗം സുഖപ്പെടട്ടെ എന്നുമായിരിക്കും. അവരെ കൂടുതൽ ഭീതിയിലാഴ്‌ത്തുന്ന തരത്തിലാകരുത് നേതാക്കളുടെ പ്രസ്താവനകളും ചെയ്തികളും. സർക്കാർ ഇതിനകം സ്വീകരിച്ച കരുതൽ നടപടികളുമായി ജനങ്ങൾ സർവാത്മനാ സഹകരിക്കുന്നുണ്ട്. ഇത്തരത്തിലൊരു അടിയന്തര ഘട്ടത്തിൽ കരുതലും ഒത്തൊരുമയുമാണ് പ്രധാനം. രാഷ്ട്രീയപ്പോരു പറയാനും തീർക്കാനും അവസരങ്ങൾ വേറെ വരും. സംയമനവും മിതഭാഷണവുമാണ് ഇപ്പോൾ ആവശ്യം. ബാലവാടി മുതൽ സ്വകാര്യ ട്യൂഷൻ സെന്ററുകളും സിനിമാശാലകളും വരെ അടച്ചിട്ടപ്പോഴും നിയമസഭാ സമ്മേളനം തുടരുന്നത് വ്യർത്ഥമാണെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന സാഹചര്യമുണ്ടാക്കരുത്.