ഏത് പി.സി. ജോർജിനും ഒരു ദിവസമുണ്ടെന്ന് പറയുന്നത് വെറുതെയല്ല, നിയമസഭയിൽ. ഇന്നലെ ആ സമ്മോഹന സുദിനം വന്നെത്തി. അത് പി.സി. ജോർജ് ആവോളം ആസ്വദിച്ചുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
പ്രതിപക്ഷത്തിന്റെ ഒരു കൈ സഹായത്താലാണ് 'എവരി ജോർജ് ഹാസ് എ ഡേ" എന്ന അവസ്ഥ സഭയിൽ സംജാതമായത്. ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരായ ഗവർണറുടെ റിപ്പോർട്ട് സംബന്ധിച്ച ആരോപണം അടിയന്തരപ്രമേയമായി സ്പീക്കർ അനുവദിക്കാതിരുന്നപ്പോൾ നടുത്തളത്തിൽ കുറച്ചുനേരം ബഹളമുണ്ടാക്കി പ്രതിപക്ഷം ബഹിഷ്കരിച്ചിറങ്ങിപ്പോയി. അവശേഷിച്ചത് ബി.ജെ.പി അംഗം ഒ.രാജഗോപാലും പ്രതിപക്ഷത്തോ ഭരണപക്ഷത്തോ ഇല്ലാത്ത പി.സി. ജോർജും മാത്രം.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ മൂലം പ്രവാസി ഇന്ത്യാക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തോടാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷത്ത് നിന്ന് പിന്തുണയ്ക്കാനാരുമില്ല. ഭേദഗതി കൊണ്ടുവരാനും അപ്പുറത്താളില്ല. ഒ.രാജഗോപാൽ 'സാന്നിദ്ധ്യം" മാത്രം !
ആ ഘട്ടത്തിൽ സഭയ്ക്ക് അത് 'ഐകകണ്ഠ്യേന" പാസാക്കാൻ പി.സി.ജോർജിന്റെ മാത്രം പിന്തുണ മതിയായിരുന്നു. കലവറയില്ലാതെ പിന്തുണച്ച് ജോർജ് രംഗം ഭംഗിയാക്കി. 'രോഗം ഒരു പാപമല്ല, സ്വന്തം പൗരന്മാരെ ഇതിന്റെ പേരിൽ ശത്രുക്കളെ പോലെ മോദി കാണാമോ?'- ജോർജ് രോഷാകുലനായി. കഴിഞ്ഞ ദിവസത്തെ ഒരു രാഷ്ട്രീയപാർട്ടിയുടെ യോഗത്തിൽ കൊറോണ കൊണ്ട് എൽ.ഡി.എഫ് രാഷ്ട്രീയനേട്ടമുണ്ടാക്കുന്നുവെന്ന് ഒരാൾ പറഞ്ഞുവെന്ന വാർത്ത പത്രങ്ങളിൽ വായിച്ച മുഖ്യമന്ത്രി അങ്ങനെ ചിന്തിക്കുന്നവരുടെ രാഷ്ട്രീയബോധമെന്താണെന്ന് ചികഞ്ഞു. കെ.പി.സി.സി ഭാരവാഹിയോഗത്തിലെ ചർച്ചയെയാണ് കവി ഉദ്ദേശിച്ചത്. താൻ എൽ.ഡി.എഫിന്റെ സഹയാത്രികനുമല്ല, പിന്തുണയ്ക്കുന്നുമില്ല എന്ന മുൻകൂർ സത്യവാങ്മൂലത്തോടെയാണ് ജോർജ് മുഖ്യമന്ത്രിയെ സർവാത്മനാ പിന്തുണച്ചത്!
ജോർജിന്റെ തൊട്ടടുത്തിരിക്കുന്ന സി.പി.ഐ അംഗം മുഹമ്മദ് മുഹസിന്റെ ഭാര്യ ഇറ്റലിയിൽ കുടുങ്ങിയ വിവരം ജോർജ് വെളിപ്പെടുത്തി. മുഹസിന്റെ വേദന കേട്ട് തനിക്ക് മടുത്തു, സർ എന്ന് ജോർജ് വിലപിച്ചു. മുഹസിനെ ആശ്വസിപ്പിച്ച വിവരം മന്ത്രി ശൈലജയും പറഞ്ഞു.
സഹകരണ, ടൂറിസം വകുപ്പുകളുടെ ധനാഭ്യർത്ഥനകളായിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ചർച്ച ഒഴിവാക്കാൻ സ്പീക്കർ ഒരുങ്ങിയെങ്കിലും ഒരു മിനിറ്റ് പ്രസംഗിക്കാനുള്ള സ്വന്തം അവസരം പാഴാക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജോർജ്. അങ്ങനെ ജോർജ് പ്രസംഗിച്ചു. ആരും പ്രസംഗിക്കാനില്ലെങ്കിലും ആർ, എന്ത് വേണമെങ്കിലും ചോദിച്ചോളൂ എന്ന മനോഭാവത്തിലായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അങ്ങനെ ഒന്നരമണിക്കൂറോളം മറുപടി പറഞ്ഞ് അദ്ദേഹം പൂർണ സംതൃപ്തിയടഞ്ഞു.
ചർച്ചയ്ക്കൊടുവിൽ പോൾ ആവശ്യപ്പെട്ടതും പി.സി.ജോർജ്. എന്നിട്ട് വോട്ട് ചെയ്യാതെ പിൻവലിഞ്ഞതും ജോർജ്. പോൾ ആവശ്യപ്പെടുക, വോട്ട് ചെയ്യാതിരിക്കുക എന്നൊക്കെ ജോർജിന്റെ വെറുമൊരു തമാശ. 45- 0 എന്ന സ്കോർനിലയിൽ ധനാഭ്യർത്ഥനകൾ പാസായി.
സർവകലാശാലാ അദാലത്തുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെതിരെ ഗവർണർ റിപ്പോർട്ട് നൽകിയത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ പരിഗണിച്ചില്ല. അടിയന്തര പ്രാധാന്യമുള്ളതല്ല വിഷയമെന്നും ഗവർണർ അങ്ങനെയൊരു റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടില്ലെന്നുമുള്ള സുചിന്തിത നിലപാടിലായിരുന്നു സ്പീക്കർ. എന്തെഴുതി നൽകിയാലും സഭയിലനുവദിക്കുമെന്നാണോ കരുതിയത് എന്നാണ് അദ്ദേഹത്തിന്റെ കടുപ്പിച്ച ചോദ്യം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങാൻ വൈകിയില്ല. വൈവിദ്ധ്യമാർന്ന മുദ്രാവാക്യങ്ങളാൽ അല്പനേരം നടുത്തളകലാപം ആഘോഷിച്ച് തൃപ്തരായിട്ടായിരുന്നു പ്രതിപക്ഷ ബഹിഷ്കരണം. മുദ്രാവാക്യത്തിന്റെ ഒരു സാമ്പിൾ: 'സ്പീക്കർക്കെന്താ പേടിയാണോ, പിണറായിയെ പേടിച്ചാൽ പോരേ, ജലീലിനെയും പേടിക്കണോ...!"