നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പണിയാരംഭിച്ച മിനി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിനെതിരെ ബി.ജെ.പി പാർലമെന്ററി പാർട്ടി റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. 3.25 കോടി രൂപയുടെ പദ്ധതിയിൽ 2 കോടിയുടെ പണികൾ നടന്നു. സാങ്കേതിക അനുമതി കിട്ടിയ മുറയ്‌ക്ക് പണിചെയ്യാത്തത് മൂലം 60ലക്ഷത്തോളം രൂപയുടെ ബില്ലുകൾ മാറാൻ സാധിച്ചില്ല. ഇതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു. ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.ഈ കെട്ടിടത്തിൽ മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യ നിക്ഷേപവും ഇഴജന്തുക്കളുടെ ശല്യവും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, കൗൺസിലർ ഉഷകുമാരി തുടങ്ങിയവർ പങ്കെടുത്തു.