accident

പാറശാല: മദ്യലഹരിയിൽ ദേശീയപാതയിലൂടെ ഓട്ടോയിൽ യാത്ര ചെയ്ത നാലംഗ സംഘം അപകടത്തിൽപെട്ടു. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്ക് സാരമായ പരിക്കേറ്റെങ്കിലും അത് വകവയ്ക്കാതെ സംഘം നാട്ടുകാരെ വെട്ടിച്ച് ഒാട്ടോയുമായി കടന്നുകളഞ്ഞു. പാറശാല നിന്ന് പരശുവയ്ക്കൽ ഭാഗത്തേക്ക് വന്ന ഒാട്ടോയാണ് ഇന്നലെ ഉച്ചക്ക്12.30 ന് പവതിയാൻവിളക്ക് സമീപത്ത് അപകടത്തിൽപെട്ടത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ആട്ടോ സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ആ സമയത്ത് കാൽനടയാത്രക്കാരാരും റോഡിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാർ ഒാടിക്കൂടിയെങ്കിലും ഒാട്ടോയിലുണ്ടായിരുന്നവർ തന്നെ കേടുപാട് സംഭവിച്ച വാഹനം തള്ളി സ്റ്റാർട്ടാക്കി കടന്നുകളയുകയായിരുന്നു. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി പരാതിയുണ്ട്. എന്നാൽ ആരും പരാതിപ്പെടാത്തതിനാൽ കേസോ മറ്റു നടപടികളോ ഇവർക്കെതിരെ ഉണ്ടാകാറില്ല. പ്രദേശത്ത് പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.