gst

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി നഷ്ടപരിഹാരം നൽകാനായി ചില ഉല്പന്നങ്ങളുടെ സെസ് വർദ്ധിപ്പിക്കാൻ കേന്ദ്രനീക്കം. നാളെ ചേരുന്ന ജി.എസ്.ടി കൗൺസിൽ ഇക്കാര്യം തീരുമാനിച്ചേക്കും.

ഭരണഘടനാപരമായി കിട്ടേണ്ട തുക യഥാസമയം കിട്ടാത്തതിനെതിരെ പല സംസ്ഥാനങ്ങളും രംഗത്ത് വന്നിരുന്നു. ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പ്രതികരിച്ചിരുന്നു.

മൊത്തം ജി. എസ്.ടി വരുമാനത്തിൽ നിന്ന് ഇതു നൽകാനാവില്ലെന്നും 28 ശതമാനം ജി.എസ്.ടി ഈടാക്കുന്ന ഉല്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്ന സെസിൽ നിന്നാണ് നൽകുന്നതെന്നും കേന്ദ്രം പറയുന്നു. ജി.എസ്. ടിയും സെസുമായി 6.63 ലക്ഷം കോടി പ്രതീക്ഷിച്ച സ്ഥാനത്ത് 6.13 ലക്ഷം കോടി മാത്രമാണ് കിട്ടിയതെന്നും അതിനാലാണ് നഷ്ടപരിഹാരം പൂർണമായും നൽകാൻ കഴിയാത്തതെന്നുമാണ് കേന്ദ്രത്തിന്റെ വാദം

നഷ്ടപരിഹാര വ്യവസ്ഥ

ജി.എസ്. ടി നടപ്പാക്കിയപ്പോൾ വരുത്തിയ ഭരണഘടനാ ഭേദഗതിയനുസരിച്ച് 2015-16 വർഷത്തെ അടിസ്ഥാനമാക്കി നികുതി സമാഹരണത്തിൽ 14 ശതമാനം വളർച്ചയില്ലാത്ത സംസ്ഥാനങ്ങൾക്ക് അഞ്ചുവർഷത്തേക്ക് നഷ്ടപരിഹാരം നൽകണം.

നഷ്ടപരിഹാരത്തുക

സംസ്ഥാനങ്ങൾക്ക്

നൽകിയത് : 2,10969.49 കോടി

കേരളത്തിന് കിട്ടാനുള്ളത്: 3000 കോടി

സെസും ജി.എസ്. ടിയും

# 5%,12%,18%,28% എന്നീ നാലു സ്ലാബുകളിൽ ഉൾപ്പെടുത്തിയാണ് ഉല്പന്നങ്ങൾക്ക് ജി.എസ്. ടി ഈടാക്കുന്നത്.

# സെസ് ബാധകം 28% ഈടാക്കുന്ന പുകയില, പാൻ, കാർ, കൽക്കരി, ആഡംബര വസ്തുക്കൾ തുടങ്ങിയവയ്ക്ക്.

പുതിയ നിർദ്ദേശങ്ങൾ

# 18 ശതമാനം ഈടാക്കുന്ന ഉല്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തുക.

# ഇപ്പോഴുള്ള സെസിന്റെ നിരക്ക് കൂട്ടുക.

# ആരോഗ്യം, വിദ്യാഭ്യാസം മേഖലകളിലും സെസ് ഏർപ്പെടുത്തുക

# ആഡംബര വസ്തുക്കൾ ഒഴികെയുള്ളവയെ 10%, 20% എന്നീ രണ്ട് സ്ലാബുകളിലൊതുക്കുക.