vld-1

വെള്ളറട: ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷമായിട്ടും വെള്ളറടയിലെ പകൽ വീട് പ്രവർത്തനമാരംഭിച്ചില്ലെന്ന് പരാതി. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പത്തുലക്ഷം രൂപ ചെലവഴിച്ചാണ് വെള്ളറട കൃഷി ഭവനു സമീപം എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കി പകൽ വീട് പണികഴിപ്പിച്ച് ഗ്രാമപഞ്ചായത്തിന് കൈമാറിയത്. ആദ്യം വൈദ്യുതി കണക്ഷൻ കിട്ടുന്നതിനുള്ള കാലതാമസം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് വൈദ്യുതി ലഭിച്ചിട്ടും പകൽ വീടിന്റെ പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ബ്ളോക്ക് പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷം രൂപയിൽ ഏഴു ലക്ഷം രൂപ കെട്ടിടത്തിനും മൂന്നു ലക്ഷം രൂപ മറ്റു സജ്ജീകരണങ്ങൾ ഒരുക്കാനുമാണ് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തിലെ കത്തിപ്പാറ കോളനിയിൽ പണികഴിപ്പിച്ച്, മാസങ്ങൾക്കു മുമ്പ് ഉദ്ഘാടനം നടത്തിയ പകൽ വീടും പ്രവർത്തനമില്ലാതെ കിടക്കുകയാണ്. എന്നാൽ ബ്ളോക്ക് പഞ്ചായത്ത് മറ്റു ഗ്രാമപഞ്ചായത്തുകളിൽ പണികഴിപ്പിച്ച പകൽ വീടുകളെല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. വെള്ളറടയിലെ പകൽവീടുകൾ പ്രവർത്തിപ്പിക്കാത്തതിൽ വയോജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇവർ നിവേദനവുമായി നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു. എത്രയും പെട്ടെന്ന് വീടുകൾ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.