pharmacy

ഉള്ളൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് കാമ്പസിലെ കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് വികസിപ്പിച്ചെടുത്ത അണുനാശിനിക്ക് പ്രിയമേറുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ തയ്യാറാക്കി നൽകിയ അണുനാശിനി ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് നിർമ്മിച്ചിരിക്കുന്നത്. ആൽക്കഹോളിന്റെ അളവ് കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ മറ്റ് സാനിറ്റൈസറുകളെക്കാൾ ഇതിന് മേന്മ കൂടുതലാണ്. മുമ്പ് സാർസ് രോഗഭീതി ഉയർന്ന നാളുകളിലും പ്രളയകാലത്തും പക്ഷിപ്പനി ഉണ്ടായപ്പോഴും ഫാർമസി കോളേജിന്റെ നേതൃത്വത്തിൽ ഇത്തരം അണുനാശിനി നിർമ്മിച്ച് നൽകിയിരുന്നു. കൊറോണയെ കുറിച്ചുള്ള ആശങ്ക പലഭാഗത്തും നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷിതമായ ചികിത്സാ സംവിധാനം ഉറപ്പുവരുത്താനായി വകുപ്പുമേധാവി പ്രൊഫ. മേരി മാത്യുവിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ വീണ്ടും അണുനാശിനി തയ്യാറാക്കുകയായിരുന്നു. കൊറോണ വൈറസിനെ തുരത്താൻ പ്രതിരോധമാണ് പ്രധാന മാർഗമെന്നതിനാൽ ഈ അണുനാശിനിയുടെ പ്രാധാന്യം വർദ്ധിക്കുകയാണ്. വിപണിയിലുള്ള അണുനാശിനികൾക്ക് 100 മില്ലിക്ക് 300 രൂപ വരെ വില നൽകേണ്ടിവരും.
കഴിഞ്ഞ പ്രളയകാലത്ത് അണുനാശിനി നിർമ്മിക്കാൻ എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് നൽകിയ ആൽക്കഹോളിൽ ബാക്കിയിരുന്നത് ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം വീണ്ടും നിർമ്മിച്ചത്. സൗജന്യമായി ആൽക്കഹോൾ ലഭിച്ചതിനാൽ മറ്റ് അവശ്യവസ്തുക്കളും കണ്ടെയ്നറിനുമുൾപ്പെടെ വളരെ കുറഞ്ഞ നിരക്കിൽ നിർമ്മിക്കാനായി. ആൽക്കഹോളിനൊഴികെ ബാക്കി ചെലവുകൾക്ക് അദ്ധ്യാപകരുടെ വിഹിതമായി നൽകിയ തുക ഉപയോഗിക്കുകയായിരുന്നു. വീണ്ടും ആൽക്കഹോൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അതു ലഭ്യമായാൽ ഇനിയും അണുനാശിനി നിർമ്മിച്ച് നൽകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.