photo

നെടുമങ്ങാട്: ലാഭവിഹിതത്തെ ചൊല്ലി ഇറിഗേഷൻ - ടൂറിസം വകുപ്പുകൾ തമ്മിലിടഞ്ഞ പത്താംകല്ല് ടൂറിസം മോർട്ടൽ യാഥാർത്ഥ്യമാവാൻ ഇനി വൈകില്ല. ആവശ്യമായ ഭേദഗതിയോടെ പദ്ധതി വിഭാഗം ചീഫ് എൻജിനിയർ സമർപ്പിച്ച പുതിയ പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ചതായാണ് സൂചന. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഇറിഗേഷൻ വകുപ്പിൽ നിലനിറുത്തി, ടൂറിസം പദ്ധതിയുടെ ലാഭവിഹിതം വിനോദ സഞ്ചാര വകുപ്പിന് കൂടി ലഭ്യമാവുന്ന തരത്തിൽ ടൂറിസം പോർട്ടലിന് ഉപയോഗാനുമതി നൽകാനാണ് തീരുമാനം. ഉദ്യോഗസ്ഥ ഏറ്റുമുട്ടലിൽ പാഴാവുമായിരുന്ന പദ്ധതി സി. ദിവാകരൻ എം.എൽ.എയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് പൂവണിയുന്നത്. ചെറിയ ഒരു പേപ്പർ വർക്ക് മാത്രമാണ് ഇനിയുള്ളത്. ലാഭവിഹിതം സംബന്ധിച്ച് അവ്യക്തത നിലനിന്നതാണ് ആദ്യഘട്ടത്തിൽ നടപടികൾ അവതാളത്തിലാവാൻ ഇടയാക്കിയത്. വാമനപുരം ഇറിഗേഷൻ പ്രോജക്ടിന്റെ (വി.ഐ.പി) ഓഫീസ് നിർവഹണത്തിനായി നഗരസഭയിലെ പത്താംകല്ലിൽ 1994 ൽ നിർമ്മിച്ച കെട്ടിട സമുച്ചയവും സമീപത്തെ ഭൂമിയും ടൂറിസം വകുപ്പിന് കൈമാറാനുള്ള നടപടികളാണ് ഉദ്യോഗസ്ഥ വടംവലിയിൽ തകിടം മറിഞ്ഞത്. ദീർഘകാലമായി ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലവും മന്ദിരവും ടൂറിസം വകുപ്പിന് വിട്ടു നല്കാൻ 2018 ൽ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനമാണ് ഇനിയും നടപ്പാകാത്തത്. സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ താവളമായി മാറിയ വി.ഐ.പി മന്ദിരത്തെ കുറിച്ച് 2018 ഡിസംബർ 24 ന് ''മോചനം തേടി ഭാർഗവീനിലയം' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്. സി. ദിവാകരൻ എം.എൽ.എ ഇടപെട്ട് കഴിഞ്ഞ ജൂലായ് 24 ന് ജലവിഭവ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

നശിക്കുന്ന വി.ഐ.പി മന്ദിരം

1996 ന് ഉദ്ഘാടനം നടത്തിയ മന്ദിരമാണ് പത്താംകല്ലിലേത്. ഓഫീസ് കോംപ്ലസ് കൂടാതെ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് എൻജിനിയർ, അസി.എക്സിക്യൂട്ടീവ് എൻജിനിയർ, സ്‌പെഷ്യൽ തഹസീൽദാർ എന്നിങ്ങനെ മുഴുവൻ ഉദ്യോഗസ്ഥർക്കുമുള്ള ഓഫീസായിരുന്നു ഇത്. ഉപേക്ഷിക്കപ്പെട്ട പദ്ധതിയായതിനാൽ വി.ഐ.പി മന്ദിരത്തിലെ വൈദ്യുതി ചാർജ് അടയ്ക്കാൻ കഴിയില്ലെന്ന ഓഡിറ്റ് ഒബ്ജക്ഷൻ വന്നതോടെയാണ് ഓഫീസ് അടച്ചുപൂട്ടിയത്‌. മന്ദിരത്തിന്റെ വാതിലുകളും ജനാലയും നശിപ്പിച്ച നിലയിലാണ്.