തിരുവനന്തപുരം:സ്വകാര്യവത്കരണവും നടത്തിപ്പും സംബന്ധിച്ച ആശങ്കകൾക്കിടെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച സേവനത്തിനുള്ള രാജ്യാന്തര പുരസ്കാരം. അഞ്ച്മില്യൺ യാത്രക്കാർ വരെയുള്ള ലോകത്തെ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഏഷ്യാ-പസഫിക് മേഖലയിലെ മികച്ച വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് തിരുവനന്തപുരം ഇടംപിടിച്ചത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് (ഡിപ്പാർച്ചർ) നൽകുന്ന സേവനങ്ങൾക്കാണ് പുരസ്കാരം. ചണ്ഡിഗഡ്, മംഗളൂരു എന്നിവയ്ക്ക് പുറമെ ഇന്തോനേഷ്യയിലെ നാല് വിമാനത്താവളങ്ങളും തിരുവനന്തപുരത്തിനൊപ്പമുണ്ട്. യാത്രക്കാർക്ക് നൽകുന്ന വിവിധ സേവനങ്ങൾ പരിഗണിച്ചും ലോകമാകെയുള്ള 356 വിമാനത്താവളങ്ങളിലെ യാത്രക്കാർക്കിടയിൽ സർവേ നടത്തിയുമാണ് എയർപോർട്ട് സർവീസ് ക്വാളിറ്റി വിഭാഗത്തിലുള്ള ഈ പുരസ്കാരം എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) നൽകിയത്.
വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം. ചെക്ക്-ഇൻ സൗകര്യം, ഭക്ഷണം, പാനീയങ്ങൾ, വിമാനത്താവളത്തിനുള്ളിലെ അന്തരീക്ഷം, സൗകര്യങ്ങൾ എന്നിവയടക്കം 34 ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. സെപ്തംബറിൽ പോളണ്ടിൽ വച്ച് അവാർഡ് സമ്മാനിക്കും. 2015ലും എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) നടത്തിയ സർവേയിൽ മികച്ച വിമാനത്താവളമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനിഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനസർക്കാർ നിയമപോരാട്ടത്തിലാണ്. സ്വകാര്യവത്കരണം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുകയാണ്. എയർപോർട്ട് അതോറിട്ടി നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് നിയമവിരുദ്ധമാണെന്നും അദാനി ഗ്രൂപ്പിന് എയർപോർട്ട് കൈമാറുന്നത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും ഇതു സാമ്പത്തികമായി ഗുണമുണ്ടാക്കുന്ന നടപടിയാണോയെന്ന് പരിശോധിച്ചില്ലെന്നുമാണ് സർക്കാരിന്റെ ഹർജി.