mar12b

ആറ്റിങ്ങൽ: നാട്ടുകാർ റോഡ് നിർമ്മിച്ച് പഞ്ചായത്തിന് നൽകിയിട്ട് 4 വർഷം കഴിഞ്ഞിട്ടും ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധം ശക്തമായി.

റോഡ് വന്ന ശേഷം ഗോവിന്ദ ഭവനിൽ ഗോപിനാഥൻ നായർ അങ്കണവാടിക്കായി 5 സെന്റ് സ്ഥലം സൗജന്യമായി നൽകി. അതിൽ പഞ്ചായത്ത് കെട്ടിടം നിർമ്മിച്ച് പ്രവർത്തനവും ആരംഭിച്ചു. ഇവിടെ 30 കുട്ടികളാണ് പഠിക്കുന്നത്. എന്നിട്ടുകൂടി ഈ അങ്കണവാടിക്ക് മുന്നിലൂടെയുള്ള റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന പ്രദേശമാണിത്. പാടത്തിനു കുറുകേയാണ് റോഡ് പോകുന്നത്. അതുകൊണ്ടുതന്നെ റോഡ് ടാർ ചെയ്താൽ മഴക്കാലത്തുപോലും കൃഷിക്ക് ആവശ്യമായ വാഹനങ്ങൾ എത്തിക്കാം. ഇപ്പോൾ മഴക്കാലത്ത് റോഡ് ചെളിക്കണ്ടമാകുന്നത് സാധാരണമാണ്. ഇത് അങ്കണവാടി കുട്ടികൾക്ക് അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്.

പണ്ട് നടവരമ്പായിരുന്ന കാലത്തുതന്നെ പ്രാധാന്യമുള്ള വഴിയായിരുന്നു ഇത്. ക്ഷേത്രങ്ങളുടെ ഘോഷയാത്രകൾ ഇതുവഴിയാണ് അന്നും കടന്നുപൊയ്ക്കൊണ്ടിരുന്നത്. റോഡ് വികസിച്ചതോടെ യാത്രക്കാരുടെ എണ്ണവും ഇവിടെ കൂടിയിരിക്കുകയാണ്. 200 കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ‌്. റോഡ് അടിയന്തിര മായി ടാർ ചെയ്ത് യാത്ര ദുരിതം അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.