തിരുവനന്തപുരം : പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാദ്ധ്യതയുണ്ടെങ്കിലും ഇതിന്റെ വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിൽ നശിക്കുന്നതിനാൽ നന്നായി പാകം ചെയ്ത മുട്ടയും കോഴിയിറച്ചിയും സുരക്ഷിതമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. എന്നാൽ ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ട കഴിക്കരുത്. പകുതി വേവിച്ച മാംസവും ഒഴിവാക്കണം. പാകം ചെയ്യാൻ പച്ച മാംസം കൈകാര്യം ചെയ്തതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം .
പക്ഷിക്കാഷ്‌ഠം ,ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികൾ, ദേശാടനക്കിളികൾ എന്നിവയെ കൈയുറയും മാസ്‌കും ഉപയോഗിച്ച് കൈകാര്യം ചെയ്തതിനു ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകണം . കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്നു മറവുചെയ്യുന്നതടക്കം എല്ലാ രോഗനിയന്ത്രണ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.