കിളിമാനൂർ: ഉല്പാദന മേഖലയ്ക്കൊപ്പം സേവനമേഖലയ്ക്കും പശ്ചാത്തല മേഖലയ്ക്കും ഊന്നൽ നൽകി കിളിമാനൂർ പഞ്ചായത്ത് ബഡ്ജറ്റ്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വൈസ് പ്രസിഡന്റ് എ. ദേവദാസാണ് 2020 - 21 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ അദ്ധ്യക്ഷത വഹിച്ചു. 21,71,28,270 രൂപ വരവും 21,05,75,118 രൂപ ചെലവും 65,53,152 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. കൃഷി, മൃ​ഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകൾക്കായി 99,50,000 രൂപയും, പരിസ്ഥിതി, മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി 25,25,0000 രൂപയും, കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയ്ക്കായി 15,32,5000 രൂപയും, ആരോ​ഗ്യ മേഖലയ്ക്ക് 58,94,000 രൂപയും, പാർപ്പിട പദ്ധതികൾക്കായി 21,20,0000 രൂപയും, പട്ടികജാതി പട്ടികവർ​ഗ വികസനത്തിനായി 12,50,000 രൂപയും, പൊതുമരാമത്ത് പണികൾക്കും, ഊർജ്ജ പദ്ധതികൾക്കുമായി 17,37,7000 രൂപയും വകയിരിത്തിയിട്ടുണ്ട്.