തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയിനം പകർച്ചപ്പനികൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് രോഗവ്യാപനം തടയുന്നതിന് ആയുർവേദചികിത്സയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾ പറഞ്ഞു.സംസ്ഥാന സർക്കാർ നടത്തുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ എ.എം.എ.ഐ പിന്തുണ പ്രഖ്യാപിച്ചു.രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ഉപയോഗിക്കേണ്ട നിരവധി ഔഷധങ്ങൾ ആയുർവേദ ആശുപത്രികളിൽ ലഭ്യമാണ്.ഇതിനോടൊപ്പം ജീവിതചര്യയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തുന്നതിലൂടെ രോഗ വ്യാപനം തടയാൻ സാധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.രാജു തോമസ്,ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.