cctv

കാട്ടാക്കട: കാട്ടാക്കടയിൽ സ്വകാര്യ ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം. അഞ്ചംഗ സംഘം ഹോട്ടൽ അടിച്ചു തകർത്തു. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് കാട്ടാക്കട അഭിരാമി ബാർ ഹോട്ടലിന് നേരെ ആക്രമണം നടന്നത്. ഹോട്ടലിന്റെ താഴത്തെ നിലയിലെ ബാറിൽ മദ്യപിക്കാനെത്തിയ ഒരു യുവാവ് അമിതമായി മദ്യപിച്ചു. വീണ്ടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ മദ്യം നൽകാൻ വിസമതിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് ബാറിൽ നിന്ന് പുറത്തിറങ്ങി ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടർന്ന് ഗുഡ്സ് ആട്ടോയിൽ നാല് യുവാക്കൾ ഹോട്ടലിലെത്തി.ഹോട്ടലിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ വാളും കത്തിയും മാരകായുധങ്ങളുമായി ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് ഡോറുകളും റിസപ്ഷനിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും അടിച്ചു തകർത്തു. പ്രകോപിതരായ സംഘം ഹോട്ടലിന് മുന്നിലെ ബോർഡുകൾ, ലൈറ്റുകൾ, മൺകലങ്ങൾ എന്നിവയൊക്കെ അടിച്ചു തകർത്തു. സംഭവം കണ്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെയും സംഘം മർദ്ദിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഹോട്ടൽ ജീവനക്കാർ കാട്ടാക്കട പൊലീസിൽ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ല.പൊലീസിനെ കാണാത്തതിനാൽ സമീപത്തെ കടക്കാരൻ ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചപ്പോൾ സ്റ്റേഷനിൽ വാഹനം ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനിടെ അക്രമിസംഘം മുൻവശത്തെ ഗ്ലാസും തകർത്ത് റിസപ്ക്ഷനിലും ഭക്ഷണ ശാലയിലും കയറി അവിടത്തെയും ഗ്ലാസുകൾ തകർത്തു. വിളിപ്പാടകലെയുള്ള കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നിന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. ഇത് ഗുണ്ടാസംഘത്തിന് രക്ഷപ്പെടാനുള്ള അവസരമായി. ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമിസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ഏകദേശം പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടൽ മാനേജർ കാട്ടാക്കട പൊലീസിൽ നൽകിയ പരിതായിൽ പറയുന്നു. കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ഡി.ബുജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആന്വേഷണം ആരംഭിച്ചു.