vs

തിരുവനന്തപുരം: റവന്യൂ, സർവ്വേ, ഭൂരേഖ, രജിസ്ട്രേഷൻ, ഭക്ഷ്യ -പൊതുവിതരണം, പൊലീസ് വകുപ്പുകളുടെ പ്രവർത്തനം ആധുനികവത്കരിക്കാനും ജനങ്ങൾക്കുള്ള സേവനം മെച്ചപ്പെടുത്താനും നിർദ്ദേശിക്കുന്ന വി.എസ്. അച്യുതാനന്ദൻ അദ്ധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മിഷന്റെ അഞ്ചാമത് റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

വകുപ്പുകളുടെ പ്രവർത്തനവും സേവനവും സുതാര്യവും സുഗമവുമാക്കാൻ കമ്പ്യൂട്ടർ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തു. പലതരം സർട്ടിഫിക്കറ്റുകൾക്കായി ആളുകൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നത് ഒഴിവാക്കാൻ ഫാമിലി കാർഡ് സംവിധാനം ആവിഷ്കരിക്കണം. ഇ-സ്റ്റാമ്പ് ചെറിയ തുകയ്ക്കുള്ളതും ഏർപ്പെടുത്തുന്നത് വേഗത്തിലാക്കണം. എല്ലാ സബ്‌ രജിസ്ട്രാർ ഓഫീസുകളിലും വേഗതയേറിയ ഇന്റർനെറ്റും അതിന്റെ വാർഷിക നന്നാക്കൽ സംവിധാനവും സജ്ജമാക്കണം. രജിസ്‌ട്രേഷൻ, റവന്യൂ സർവ്വെ വകുപ്പുകൾക്ക് ഒരേ സോഫ്റ്റ് വെയർ ഉപയോഗിക്കണം.റേഷൻ കടകളെ താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവർത്തനങ്ങളിൽ ചിലതിന്റെ ചുമതലാസ്ഥാപനമാക്കണം.
പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാകാൻ പി.ആർ.ഒ സംവിധാനം രാവിലെ 8 മുതൽ വൈകിട്ട് 8
വരെയാക്കണം. ഗതാഗത നിയമലംഘനങ്ങൾ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്തി പിഴയും, ഫീസും ഓൺലൈനായി മാത്രം ഈടാക്കണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കമ്പ്യൂട്ടർ അധിഷ്ഠിത പശ്ചാത്തല സൗകര്യമുണ്ടാകണം. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പരമ്പരാഗത
സേവനരീതിയിൽനിന്നുള്ള മാറ്റം, സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണരീതി ഇവയെല്ലാം ഉൾക്കൊള്ളാനാവും വിധം പരിശീലനം നിരന്തരമായി നടക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

സി.പി. നായർ, നീലാ ഗംഗാധരൻ എന്നിവർ അംഗങ്ങളും ഷീല തോമസ് മെമ്പർസെക്രട്ടറിയുമാണ്.

പ്രധാന ശുപാർശകൾ

 എല്ലാ സേവനങ്ങൾക്കും സാക്ഷ്യപത്രം ആവശ്യപ്പെടേണ്ട. സ്വയം സാക്ഷ്യപ്പെടുത്താൻ അനുവദിക്കണം.

 വില്ലേജ് ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കാനാവണം.

 പ്രവർത്തന മണ്ഡലത്തിൽ പോകുന്ന റവന്യൂ വകുപ്പ് ജീവനക്കാർക്ക് നിശ്ചിത ഫീസ് നൽകിയാൽ അഴിമതി ഒഴിവാക്കാം.

വില്ലേജ് ഓഫീസുകളുടെ പ്രവർത്തനബാഹുല്യവും വില്ലേജ് വിസ്തൃതിയും കണക്കിലെടുത്ത് ജീവനക്കാരുടെ ഘടനയിൽ മാറ്റം വരുത്തണം.
 അക്ഷയകേന്ദ്രങ്ങളുടെ പ്രവർത്തന മികവ് പരിശോധിച്ച് തൃപ്തികരമാണെന്ന് വിലയിരുത്തിയിട്ടേ അവയുടെ ലൈസൻസ് പുതുക്കാവൂ.

 മദ്ധ്യപ്രദേശ് പബ്ലിക് ഓഫീസ് പരിസരത്ത് അക്ഷയ സെന്റർ പ്രവർത്തിക്കുന്ന മാതൃക പരിഗണിക്കാം. ഭൂമി ഉടമസ്ഥ വിഷയത്തിൽ ആന്ധ്രാ മാതൃകയിൽ 'ഭൂദാർകാർഡ്' സമ്പ്രദായം നടപ്പാക്കിയാൽ കാർഡിലെ 'ക്യൂ ആർ കോഡ്' ഉപയോഗിച്ച് പ്രത്യേക വ്യക്തിയുടെ ഭൂസംബന്ധമായ മുഴുവൻ വിവരങ്ങളും ലഭ്യമാക്കാനാകും.