pozhiyoor

പാറശാല:പൊഴിയൂർ തെക്കേ കൊല്ലങ്കോട് ഇന്നലെ രാവിലെയുണ്ടായ വേലിയേറ്റത്തിൽ ഇരുനൂറ് മീറ്ററോളം കടൽ കരയിലേക്ക് കയറി.പൊഴിയൂർ സെന്റ് മാത്യൂസ് ചർച്ചിന് മുന്നിൽ വരെ വെള്ളം കയറിയെങ്കിലും ഉച്ചയോടെ കടലിറങ്ങി തുടങ്ങി.നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും കരയിൽ നിർത്തിയിട്ടിരുന്ന വള്ളങ്ങൾ വെള്ളത്തിലായി.അതിർത്തി പ്രദേശമായ തീരത്ത് തമിഴ്‌നാട് നടത്തുന്ന അശാസ്ത്രീയ പുലിമുട്ട് നിർമ്മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകവെയാണ് വേലിയേറ്റം ഉണ്ടായത്.മൺസൂൺ കാലയളവിൽ വേലിയേറ്റം ശക്തിപ്പെടുമെന്നതിനാൽ കടൽ തീരത്തിന് സമീപത്തായി വീട് നിർമ്മിച്ച് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്.തമിഴ്‌നാട് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന നാട്ടുകാരുടെ ആക്ഷേപം നിലനിൽക്കെയാണ് ഓർക്കാപ്പുറത്ത് വേലിയേറ്റമുണ്ടായത്.