തിരുവനന്തപുരം: കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഫലം ഈ മാസം അവസാനമോ ഏപ്രിൽ ആദ്യമോ പ്രസിദ്ധീകരിക്കും. മൂന്ന് കാറ്റഗറികളിലുമായി 5000 മുതൽ 6000 വരെ ഉദ്യോഗാർത്ഥികളെ മുഖ്യപരീക്ഷയ്ക്ക് ഉൾപ്പെടുത്താനാവശ്യമായ കട്ട് ഓഫ് മാർക്കാവും നിശ്ചയിക്കുക. സ്ട്രീം ഒന്നിലാവും ഉയർന്ന നിലയിലുള്ള കട്ട് ഓഫ് മാർക്ക്. പ്രാഥമിക പരീക്ഷയുടെ മൂല്യനിർണയത്തിനുള്ള നടപടികൾ പി.എസ്.സി തുടങ്ങിക്കഴിഞ്ഞു.
ഫെബ്രുവരി 22 ന് പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചിക സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച പരാതികൾ പരിശോധിച്ച് വരികയാണ്. അന്തിമ ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കും.
മുഖ്യപരീക്ഷ എഴുതാനുള്ള ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉദ്യോഗാർത്ഥികൾക്കുണ്ട്. എന്നാൽ കെ.എ.എസ് കേഡറിൽ വരുന്ന ഒഴിവുകൾ മിക്ക വകുപ്പുകളും രേഖപ്പെടുത്തിയിട്ടില്ല. ഇത് പ്രധാന പരീക്ഷ എഴുതേണ്ടവരുടെ എണ്ണം നിശ്ചയിക്കുന്നതിന് തിരിച്ചടിയാകും.
മെയിൻ പരീക്ഷയ്ക്ക് മൂന്നു പേപ്പർ
വിവരാണാത്മക രീതിയിലുള്ള മൂന്ന് പേപ്പറാണ് കെ.എ.എസ് മെയിൻ പരീക്ഷയ്ക്കുള്ളത്. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കും. ഉത്തരങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് നൂറു വീതമാണ് മാർക്ക്. മെയിൻ പരീക്ഷയുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കുമാണ് റാങ്കിന് പരിഗണിക്കുന്നത്. സിവിൽ സർവീസ് തലത്തിൽ ഉയർന്ന നിലവാരത്തിലായിരിക്കും മെയിൻ പരീക്ഷ നടത്തുകയെന്ന് പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക പരീക്ഷയുടെ മാർക്ക് മുഖ്യപരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ മാത്രമേ പരിഗണിക്കുകയുള്ളൂ.
ജൂണിലോ ജൂലായിലോ മെയിൻ പരീക്ഷ നടത്താനാണ് പി.എസ്.സി ശ്രമിക്കുന്നത്. ഈ വർഷാവസാനമോ 2021 ആദ്യമോ മെയിൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് സാദ്ധ്യത.
120 നിയമനം
കെ.എ.എസിൽ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ 120 ഓളം 'ഓഫീസർ (ജൂനിയർ ടൈംസ്‌കെയിൽ) ട്രെയിനി' തസ്തികകളാണുള്ളത്. അതുകൊണ്ടുതന്നെ ജൂനിയർ ടൈംസ്‌കെയിലിൽ പ്രതീക്ഷിക്കാവുന്ന ഒഴിവുകളും ഇത്രയാണ്. ഈ തസ്തികകളെ മൂന്ന് സ്ട്രീമുകളിലായി വിഭജിക്കുമ്പോൾ ഓരോന്നിലും 40 ഒഴിവുകൾ വീതം ഉണ്ടാവും. സംവരണപ്രകാരമുള്ള തസ്തികകൾ മാറ്റിവച്ചാൽ ഓരോ സ്ട്രീമിലും ഓപ്പൺ കാറ്റഗറിയിൽ പരമാവധി 20 ഒഴിവുകൾ വീതം ഉണ്ടാവും.
കെ.എ.എസ് കേഡറിലേക്കുള്ള നിയമനത്തിനായി വിവിധ സർക്കാർ വകുപ്പുകൾ ഇനിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഇതു കൂടി പരിഗണിച്ചാണ് മുഖ്യപരീക്ഷ എഴുതാനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വർഷത്തിനകം നിയമനം എന്നതു തന്നെയാണ് ലക്ഷ്യമിടുന്നത്.
-പി.എസ്.സി ഓഫീസ്