ബാലരാമപുരം: നെയ്യാറ്റിൻകര - കോവളം - കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ റോഡുകൾ തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. സമയബന്ധിതമായുളള നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിനാലാണ് റോഡുകൾ ഇങ്ങനെ മരണക്കെണിയായി മാറാൻ കാരണം. വിവിധ നിയോജക മണ്ഡലങ്ങളിലെ റോഡുകൾക്ക് 15 കോടിയിൽപ്പരം രൂപയാണ് പൊതുമരാമത്ത് വകുപ്പ് മാസങ്ങൾക്ക് മുമ്പ് അനുവദിച്ചത്. വെടിവെച്ചാൻകോവിൽ - പുന്നമൂട് റോഡിനും, പള്ളിച്ചൽ - പകലൂർ റോഡിനും 1.3 കോടി രൂപയും, പുന്നമൂട് – ഭഗവതിനട റോഡിന് 1.75 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അടിമലത്തുറ കുരിശ്ശടി – അമ്പലത്തിൻമൂല റോഡിന്റെ പുനരുദ്ധാരണത്തിന് 6 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. വിവിധ നിയോജക മണ്ഡലങ്ങളിലായി പന്ത്രണ്ടോളം റോഡുകളുടെ പുനരുദ്ധാരണമാണ് ഇനി നടക്കാനുള്ളത്. എന്നാൽ നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ ബില്ലുകളും കിട്ടാനുള്ള ബാക്കി തുകകളും യഥാസമയം നൽകാത്തതുകാരണം എഗ്രിമെന്റ് കൈമാറിയിട്ടും മിക്ക കരാറുകാരും ജോലി ആരംഭിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിച്ചില്ലെങ്കിൽ മഴ വില്ലനായെത്തുമെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. എത്രയും വേഗം ഈ പ്രദേശത്തെ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.