തിരുവനന്തപുരം: കൊല്ലപ്പെട്ട ദിവസം പ്രതികൾ അനിയെ കൈയേറ്റം ചെയ്യുന്നതും ഒരു വെട്ടു കത്തിക്കായി അനിയും പ്രതികളും കൂടി പിടിവലി കൂടുന്നത് കണ്ടെന്നും കേസിലെ സാക്ഷിയായ ആട്ടോ ഡ്രൈവർ മാത്യൂ എബ്രഹാം മൊഴി നൽകി. നാലാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഷിജു ഷേക്ക് മുമ്പാകെയാണ് മൊഴി നൽകിയത്. അടുത്ത ദിവസം അനി മരിച്ചതായി അറിഞ്ഞു. വെട്ടു കൊണ്ടാണ് അനി മരിച്ചത്. ഭയം കൊണ്ട് അനിയുടെ മൃതദേഹം കാണാൻ പോയില്ലെന്നും സാക്ഷി കോടതിയോട് പറഞ്ഞു. അനിയെ ആരാണ് വെട്ടിയതെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് തനിക്ക് ഭയമുണ്ടെന്നാണ് ഇയാൾ മറുപടി നൽകിയത്. മജിസ്ട്രേട്ടിന് നൽകിയ രഹസ്യ മൊഴിയിൽ ഇയാൾ പ്രതിയെക്കുറിച്ച് വ്യക്തമാക്കി. അനിയും കേസിലെ ഒന്നാം പ്രതി ജീവനുമായി അടിപിടി ഉണ്ടായപ്പോൾ താൻ പിടിച്ച് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടാം പ്രതി മനോജ് തന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും പിടിച്ച് തളളുകയും ചെയ്തെന്ന് മാത്യൂ കോടതിയെ അറിയിച്ചു. കേസിൽ ആദ്യമായാണ് ഒരു സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. കേസിൽ നേരത്തേ കൂറുമാറിയ ദൃക് സാക്ഷികളായ രതീഷും പൊന്നച്ചനും അനി കൊല്ലപ്പെടുന്ന സമയം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായി മാത്യൂ കോടതിയെ അറിയിച്ചു. 2019 മാർച്ച് 23 ന് രാത്രി 10.30 മണിക്കാണ് ബാർട്ടൺ ഹിൽ ജഗ്ഷനിൽ വച്ച് അനിയെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവൺമെന്റ് പ്ളീഡർ വെമ്പായം എ.എ. ഹക്കീം ഹാജരായി.