thomas

തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വി.എ സിയാദ് ആത്മഹത്യ ചെയ്തത് സി.പി.എം നേതാക്കളുടെ സമ്മർദ്ദത്താലാണെന്നും ആത്മഹത്യയിൽ അന്വേഷണം നടത്തണമെന്നും പി.ടി. തോമസ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിയാദിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രളയ ഫണ്ട് തട്ടിപ്പ് മറച്ചുവയ്ക്കാൻ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, ലോക്കൽ സെക്രട്ടറിയും അയ്യനാട് ബാങ്കിന്റെ പ്രസിഡന്റുമായ ജയചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാം ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് കേരള സ്റ്റേറ്റ് ലേബർ വെൽഫയർ ബോർഡ് ഫണ്ടിന്റെ ഈ വർഷത്തെ ഡയറിയിൽ മാർച്ച് ഒമ്പതിന് സിയാദ് എഴുതിയ ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നു. ഈ കാര്യം കഴിഞ്ഞ ദിവസം സഭയിൽ ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി അങ്ങനെ ഒരു കാര്യം ഇല്ലെന്ന മട്ടിൽ അവഗണിക്കുകയാണുണ്ടായത്. ഇപ്പോൾ കണ്ടെത്തിയ ഈ ഡയറി പ്രതിപക്ഷം സഭയിൽ പറഞ്ഞതിനെ സാധൂകരിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് കമ്മിറ്റി പിരിച്ച് വിട്ട് അന്വേഷണം നടത്തണം. സിയാദിന്റെ കുടുംബം തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഡയറി അടക്കം പരാതി നൽകിയിട്ടുണ്ടെന്നും പി.ടി തോമസ് പറഞ്ഞു.