പൂവാർ: നെയ്യാറ്റിൻകര താലൂക്കിലെ റേഷൻ വിതരണം മുടങ്ങുന്നതിൽ പ്രതിഷേധം ശക്തമായി. ഒന്നാം തീയതി മുതൽ വിതരണം ചെയ്യേണ്ടതാണെങ്കിലും മാർച്ച് പകുതിയായിട്ടും മൊത്ത വിതരണ ഡിപ്പോകളിൽ നിന്നും റേഷൻ കടകൾക്കുള്ള വിതരണം നടന്നിട്ടില്ല. കൂടാതെ നീല, വെള്ള കാർഡുകൾക്കുള്ള മണ്ണെണ്ണയും ലഭിച്ചിട്ടില്ല. റേഷൻ കടകൾക്കുള്ള സ്റ്റോക്ക് നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ റേഷൻ കടകൾ അടച്ചിട്ട് സമരം ചെയ്യുമെന്ന് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് ഭാരവാഹികളായ പ്രസിഡന്റ് തിരുപുറം ശ്രീകുമാർ, ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, ട്രഷറർ ഉച്ചക്കട ശശികുമാർ, തിരുപുറം ബാബു ചന്ദ്രനാഥ്, ജോൺ, അനിൽകുമാർ എന്നിവർ പറഞ്ഞു.